കുറ്റിക്കോല്‍ : ഔദ്യോഗിക പക്ഷത്തെ പ്രമുഖണ്റ്റെ വീടാക്രമിച്ചും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്ക്കരിച്ചും സിപിഎമ്മിനെതിരെ വിമത നീക്കത്തിണ്റ്റെ തീവ്രത പ്രകടിപ്പിച്ച ബേഡകത്ത് ഇന്ന് നിര്‍ണായക ഏരിയാകമ്മിറ്റി. തെരെഞ്ഞെടുക്കപ്പെട്ട ഏരിയാകമ്മിറ്റി സെക്രട്ടറിയെ മാറ്റാനുള്ള ജില്ലാ നേതൃ തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഏരിയാകമ്മിറ്റിയില്‍ പൊട്ടിത്തെറിയും സംഘര്‍ഷവും ഉണ്ടാകുമെന്ന ഭയത്തിലാണ് പാര്‍ട്ടി. വിമത നീക്കത്തെ മറികടക്കാനുള്ള സിപിഎം സംസ്ഥാന ജില്ലാ നേതൃ തീരുമാനങ്ങള്‍ പിഴയ്ക്കുന്നതാണ് ബേഡകത്ത് കണ്ടത്. പ്രശ്നപരിഹാരത്തിനായി നേതൃത്വം കൊക്കൊണ്ട തീരുമാനത്തിനെതിരെയും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ സിപിഎമ്മിന് അടിപതറുകയാണ്. ഏരിയാ സമ്മേളനത്തില്‍ വിഭാഗീയത നടന്നുവെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി സി ബാലനെ മാറ്റാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ ബാലകൃഷ്ണന് സെക്രട്ടറിയുടെ ചുമതല നല്കുവാനുമാണ് നേതൃതീരുമാനം വന്നത്. ഇതിനുപുറമെ നേരത്തെ മത്സരിച്ചു തോറ്റ അഞ്ച് പേരെ കൂടി ഉള്‍പ്പെടുത്തി ഏരിയാ കമ്മിറ്റി വിപുലീകരിക്കാനും തീരുമാനമായി. എന്നാല്‍ പാര്‍ട്ടി തീരുമാനം തള്ളിയ വിമതര്‍ കൂടുതല്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയാണ് ചെയ്തത്. ഇത് പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കി. ഔദ്യോഗിക പക്ഷത്തെ പ്രമുഖണ്റ്റെ വീടിനു നേരെ ആക്രമണം നടത്തിയാണ് വിമതര്‍ നേതൃത്വത്തിണ്റ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയണ്റ്റെ സുഹൃത്തായ പി വി രാഘവണ്റ്റെ കുറ്റിക്കോലിലെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ൨൦൧൧ നവംബറില്‍ ബേഡകം ഏരിയാ സമ്മേളനത്തിലെ പ്രശ്നവുമായി ബന്ധപ്പെട്ട് പലഭാഗത്തും കരിങ്കൊടി ഉയര്‍ത്തുകയും പിണറായി വിജയന് താമസിച്ചിരുന്ന പി വി രാഘവണ്റ്റെ വീടിന് കരിഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. വിമതരുടെ മുണ്ടൂറ്‍ മോഡലിലുള്ള പരിപാടി ബഹിഷ്ക്കരണമാണ് സിപിഎമ്മിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. പാര്‍ട്ടി ഗ്രാമമായ ബേഡകത്തും കുറ്റിക്കോലിലും പ്രവര്‍ത്തകര്‍ പങ്കെടുക്കാത്തതിനാല്‍ സമര പരിപാടികള്‍ മാറ്റിവയ്ക്കേണ്ട നാണക്കേടും പാര്‍ട്ടിക്കുണ്ടായി. വര്‍ഗ്ഗ ബഹുജന സംഘടനകളുടെ പരിപാടിയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ നവോത്ഥാന സദസ് മിക്കയിടങ്ങളിലും നടന്നില്ല. ൧൨൭ കേന്ദ്രങ്ങളില്‍ നടക്കേണ്ട പരിപാടി ൨൪ സ്ഥലത്ത് മാത്രമാണ് നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കുണ്ടംകുഴിയില്‍ നടക്കേണ്ടിയിരുന്ന ഭൂസംരക്ഷണ സമിതി യോഗം പ്രവര്‍ത്തകര്‍ എത്താത്തതിനെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ആദിവാസി ക്ഷേമസമിതി, കര്‍ഷക സംഘം, കെഎസ്കെടിയു എന്നീ മൂന്ന് സംഘടനകള്‍ സംയുക്തമായി നടത്തിയ പരിപാടിയില്‍പ്പോലും അംഗസംഖ്യ കുറഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പൊയിനാച്ചി ഓഡിറ്റോറിയത്തില്‍ കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന് എം പി യുടെ നേതൃത്വത്തില്‍ നടന്ന മേഖല റിപ്പോര്‍ട്ടിംഗും പ്രാദേശിക നേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു. ൨൨൭ പേര് പങ്കെടുക്കേണ്ട യോഗത്തില്‍ ൩൧ പേര് മാത്രമാണ് എത്തിയത്. വിമതര്‍ നിലപാട് ശക്തമാക്കിയ സാഹചര്യത്തില്‍ ഏരിയാ കമ്മിറ്റി ഭയത്തോടെയാണ് സിപിഎം കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: