കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനായി സംഘടിപ്പിച്ച കോണ്‍കോഡ് ദേശീയ ശില്‍പ്പശാലയുടെ തീരുമാന പ്രകാരം തയ്യാറാക്കുന്ന പ്രൊജക്ടുകള്‍ക്ക് അടുത്ത മാസം അന്തിമ രൂപമാകും. പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിലെ പുരോഗതി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കോണ്‍കോഡ് സംഘാടക സമിതിയോഗം വിലയിരുത്തി. ദേശീയ ശില്‍പ്പശാലയിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകളാക്കി മാറ്റാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കൃഷിയും പാരിസ്ഥിതിക പുന:സ്ഥാപനവും, വിദ്യാഭ്യാസം, ആരോഗ്യം, ജെന്‍ഡര്‍, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലെ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ ഒക്ടോബര്‍ ൧൫-ഓടെ തയ്യാറാക്കും. പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിനായി അഞ്ചംഗ കോര്‍ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. കെ.ബാലകൃഷ്ണന്, വി.പി.പി.മുസ്തഫ,രാജന് മാസ്റ്റര്‍, രാജീവ് കുമാര്‍, പപ്പന് കുട്ടമത്ത് എന്നിവരാണ് കോര്‍ കമ്മിറ്റിയംഗങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നബാര്‍ഡ് അനുവദിച്ച ൧൧൭ കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാനും യോഗത്തില്‍ ധാരണയായി. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതികളുടെ നിര്‍വ്വഹണം നടത്തുക. നബാര്‍ഡ് പദ്ധതികള്‍ക്കുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു. ജില്ലാപഞ്ചായത്തും എന്‍.പി.ആര്.പി.ഡിയും ചേര്‍ന്ന് സംഘടിപ്പിച്ച കോണ്‍കോഡ് ശില്‍പ്പശാലയുടെ വരവ് ചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു. പി.കരുണാകരന് എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് പി.പി.ശ്യാമളാ ദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു, എന്‍.പി.ആര്.പി.ഡി കോ-ഓര്‍ഡിനേറ്റര്‍ എസ്.നസീം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: