കാസര്‍കോട് : കോടിക്കണക്കിനു രൂപയുടെ പണം നിക്ഷേപിച്ച് നിരവധി പേരെ കബളിപ്പിച്ച കാസര്‍കോട്ടെ ഗ്ളോബല്‍ കമ്പനി ഉടമയെ തേടി പാലക്കാടു നിന്നും സ്ത്രീകളടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തി. ഏകദേശം അഞ്ചരകോടി രൂപ നിക്ഷേപിച്ച് ലാഭ വിഹിതമോ, മുതലോ ലഭിക്കാതെ വന്നപ്പോഴാണ് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ കാസര്‍കോട്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ഇവര്‍ കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ എത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നിക്ഷേപിച്ച പണം തരാമെന്ന് ഉറപ്പിന്മേല് മടങ്ങുകയായിരുന്നുവത്രെ. ഒരാഴ്ച കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മുപ്പതിലധികം സ്ത്രീകളടങ്ങുന്ന സംഘം വീണ്ടും കാസര്‍കോട്ടെത്തിയത്. ഇവര്‍ ഗ്ളോബല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിദ്യാനഗര്‍ ചാല കുന്നിലെ വീട്ടിലെത്തിയെങ്കിലും ഈ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിനു സമീപത്തെ സാംസ്കാരിക നിലയത്തിലാണ് ഇവര്‍ തമ്പടിച്ചിട്ടുള്ളത്. കമ്പനി പാലക്കാട്ട് പണം പിരിച്ചെടുക്കാന്‍ നിരവധി ഏജണ്റ്റുമാരെ നിയോഗിച്ചിരുന്നു. അക്കൂട്ടത്തില്പ്പെട്ടവരും ഇവരോടൊപ്പമുണ്ട്. പാലക്കാട്ട് നൂറുകണക്കിന് ആളുകളാണ് ഗ്ളോബല്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിട്ടുള്ളതത്രെ. പലരും പാലക്കാട്ടെ ഏജണ്റ്റുമാരെ ബന്ധപ്പെട്ടപ്പോള്‍ കമ്പനിയില്‍ പോയി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപകര്‍ ഏജണ്റ്റുമാരുടെ വീട്ടില്‍ ദിവസവും എത്തി ബഹളം വെക്കുന്നതിനെത്തുടര്ന്നാണ് ചില ഏജണ്റ്റുമാര്‍ നിക്ഷേപകരുമായി കാസര്‍കോട്ടെത്തിയത്. നിക്ഷേപിച്ച പണത്തെപ്പറ്റി യാതൊരു ഉറപ്പും ലഭിക്കുന്നില്ലെന്നും ജീവിതം ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും പലരും കണ്ണീരോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: