കൊട്ടാരക്കര: സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള ആഞ്ഞടിച്ചു. മുന്നണിയിലെ ഘടകകക്ഷിയായതിനാല്‍ സര്‍ക്കാരിനെതിരെ ഒന്നും പറയരുത് എന്ന് നിബന്ധനയില്ല എന്ന മുഖവുരയോടെയാണ് പിള്ള സര്‍ക്കാരിനെതിരെ തിരിഞ്ഞത്. മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറയാനുള്ള അവകാശം പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവന്നവരെയെല്ലാം വിരോധികളാക്കി. എന്‍എസ് എസിനെ നിഷ്കരുണം ദ്രോഹിക്കുകയാണ്. പല സമുദായങ്ങളെയും കണ്ണീരിലാഴ്ത്തി. എന്‍എസ്എസും, എസ്എന്‍ഡിപിയും യോജിക്കുകയും മറ്റ് സമുദായ സംഘടനകള്‍ ഒന്നിക്കുകയും ചെയ്താന്‍ ക്രൈസ്തവ സമൂഹം പിന്നില്‍ നില്‍ക്കുമെന്നതിന് സംശയം ഇല്ല. ഇത് മനസിലാക്കാനുള്ള വിവേകം യുഡിഎഫിനും അത് നയിക്കുന്നവര്‍ക്കും ഇല്ലെങ്കില്‍ സര്‍വ്വ നാശമാകും ഫലമെന്നും പിള്ള കുറ്റപ്പെടുത്തി. യുഡിഎഫിന്റെ അടിത്തറ ഇളക്കുന്ന പരിപാടികളില്‍ നിന്നും മാറി നില്ക്കുക ആവശ്യമാണ് ജാതി സംഘടനകള്‍ ഇടപെടരുതെന്ന് പറയുന്നവര്‍ ?നാടുമറന്നാലും മൂട് മറക്കരുതെന്നും പിള്ള പറഞ്ഞു.
മുന്നണിയില്‍ ഘടക കക്ഷികളെ കാലുവാരുന്നത് സ്ഥിരം പരിപാടിയായിരിക്കുകയാണെന്നും പിള്ള ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ താനും, ഗൗരിയമ്മയും, എം.വി. രാഘവനും, സോഷ്യലിസ്റ്റ് ജനതയുടെ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടത് കാലുവാരല്‍ കൊണ്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടുചെയ്യുമ്പോള്‍ ഘടകകക്ഷികള്‍ക്ക് വോട്ടു ചെയ്യേണ്ട എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഘടക കക്ഷികള്‍ തുടര്‍ച്ചയായി തോറ്റാല്‍ മാത്രമേ ആ സീറ്റുകള്‍ കോണ്‍ഗ്രസിന് പിടിച്ചെടുക്കാന്‍ കഴിയൂ. ഇത് മുന്നണി രാഷ്ട്രീയ മര്യാദയ്ക്ക് ചേരുന്നതല്ല.
കോണ്‍ഗ്രസില്‍ തന്നെ കാലുവാരന്‍ ഏറിയിരിക്കുകയാണെന്നും പിള്ള പറഞ്ഞു. പുനലൂരും, ചടയമംഗലത്തും, കുന്നത്തൂരും, കൊല്ലത്തും, കുണ്ടറയിലും കാലുവാരല്‍ ഉണ്ടായി. കേരള രാഷ്ട്രീയത്തില്‍ ഇരുമുന്നണികളിലും അപകടകരമായ സാഹചര്യമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും പിള്ള പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: