മരട്: കുടിവെള്ളക്കുഴല്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തതിനെത്തുടര്‍ന്ന് മരട്, കുമ്പളം പ്രദേശങ്ങളില്‍ കേബിളുകള്‍ പൊട്ടി ഫോണുകള്‍ നിശ്ചലമായി. ജനോറം കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് മരട്, കുണ്ടന്നൂര്‍, നെട്ടൂര്‍, കുമ്പളം പ്രദേശങ്ങളില്‍ കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത്. ഇതേത്തുടര്‍ന്നാണ് മിക്ക പ്രദേശങ്ങളിലേയും ടെലിഫോണ്‍ കേബിളുകള്‍ പൊട്ടിയത്.
മരട്, നെട്ടൂര്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ പരിധിയില്‍ വരുന്ന 500-ല്‍ പരം ബിഎസ്എന്‍എല്‍ ഫോണുകളാണ് കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് നിശ്ചലമായിരിക്കുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ദിവസങ്ങളായി നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്.
കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുത്തപ്പോള്‍ പൊട്ടിയ കേബിളുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുന്‍പുതന്നെ കുഴികള്‍ മണ്ണിട്ടു മൂടിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നെട്ടൂരിലെ മേല്‍പ്പാലം ജംഗ്ഷനില്‍ പൊട്ടിയ ടെലിഫോണ്‍ കേബിളുകള്‍ നന്നാക്കാതെ മണ്ണിട്ടു മൂടിയതുമൂലം ഫോണ്‍ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: