പള്ളുരുത്തി: കൊച്ചി തുറമുഖത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറ്റുന്നതിനായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നല്കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കാന്‍ പോര്‍ട്ട് ട്രസ്റ്റ് മാനേജ്മെന്റ് തീരുമാനം.
ജീവനക്കാര്‍ സ്വയം പിരിഞ്ഞുപോകാന്‍ തയ്യാറാണെങ്കില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സഹായം നല്‍കുമെന്ന് പോര്‍ട്ട് മാനേജ്മെന്റിനെ അറിയിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സമ്മതത്തോടെ പുതിയ പദ്ധതി നടപ്പാക്കാന്‍ തയ്യാറായിട്ടുള്ളത്.
പത്തുവര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും 40 വയസ്സ് പൂര്‍ത്തിയായവര്‍ക്കും വേണ്ടിയാണ് പദ്ധതി നടപ്പില്‍ വരുത്താന്‍ ആലോചിച്ചിട്ടുള്ളത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസ് ബാക്കിയുള്ളവരെ പദ്ധതിയിലേക്ക് പരിഗണിക്കും.
പൂര്‍ത്തിയായ ഓരോ വര്‍ഷത്തിനും 45 ദിവസത്തെ ശമ്പളം അതല്ലെങ്കില്‍ ശേഷിക്കുന്ന സര്‍വീസ് കാലയളവില്‍ ലഭിക്കേണ്ട ശമ്പളം ഇതിലേതാണോ കുറവ് വരിക ആയത് എക്സ്ഗ്രേഷ്യ ആയി സ്വയം വിരമിക്കുന്നവര്‍ക്ക് ലഭിക്കും. ജീവനക്കാര്‍ക്ക് ഇതുപ്രകാരം പണം ഷിപ്പിംഗ് മന്ത്രാലയം പോര്‍ട്ട് ട്രസ്റ്റിന് നല്‍കും. അധികം വരുന്ന തുക പോര്‍ട്ട് ട്രസ്റ്റ് വഹിക്കും. അത്യാവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരെ ഈ പദ്ധതിയില്‍നിന്ന് ഒഴിവാക്കും. വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റ്വിറ്റി, പെന്ഷന് ആനുകൂല്യങ്ങളും നല്‍കും. വിരമിക്കല്‍ അപേക്ഷ സ്വീകരിക്കുന്നതിനും തള്ളാനുമുള്ള അധികാരം പോര്‍ട്ട് മാനേജ്മെന്റില്‍ നിക്ഷിപ്തമായിരിക്കും. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനും ചിലതു വെട്ടിച്ചുരുക്കുന്നതിനുമായി തിങ്കളാഴ്ച പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി യൂണിയന് പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ത്രികക്ഷി കരാര്‍ പ്രകാരം നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ നിയമാനുസൃതം നിര്‍ത്തലാക്കാന്‍ ആവില്ലെന്ന് യൂണിയന് പ്രതിനിധികള്‍ യോഗത്തില്‍ വാദിച്ചു. ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ധാരണയായതായി തുറമുഖ അധികൃതര്‍ അറിയിച്ചു. യൂണിയനുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാമെന്ന് തുറമുഖാധികൃതര്‍ വ്യക്തമാക്കി.
സംഘടനകളുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: