അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കില്‍നിന്നും ഓയില്‍ കലര്‍ന്ന മലിനജലം പരിസരമലിനീകരണം സൃഷ്ടിക്കുന്ന പ്രശ്നത്തിന് മലിനീകരണബോര്‍ഡ് കണ്ടെത്തിയ കാരണങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. ജോസ് തെറ്റയില്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ടെല്‍ക്കില്‍ നിന്നുള്ള ഫര്‍ണസ് ഓയില്‍ ചോര്ച്ചവന്നതിനെതുടര്ന്ന് സമീപപ്രദേശങ്ങളിലും പാടങ്ങളിലും ഓയില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ജില്ലാതലവികസനയോഗത്തില് ജോസ് തെറ്റയില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ മലിനീകരണബോര്‍ഡ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച് കളക്ടര്‍ക്കു ബോര്‍ഡ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ടെല്‍ക്കില്‍നിന്നും പുറത്തുവന്നിരുന്ന മലിനജലം മൂലമാണ് പരിസരപ്രദേശത്തെ മണ്ണിലും വെള്ളത്തിലും ഓയില്‍ കലര്‍ന്നതെന്ന് തെളിഞ്ഞിരുന്നു. നിയമപരമായി എടുക്കേണ്ട നടപടികളൊന്നും എടുക്കാതെയാണ് ടെല്‍ക്കില്‍നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതായും മലിനീകരണ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ ടെല്‍ക്ക് എംഡിയുമായി നടത്തിയ ചര്‍ച്ചയില്‍ റീസൈക്കളിംങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി രണ്ടു കോടിയോളം രൂപ ചിലവ് വരുന്ന പ്രോജക്ട് നടപ്പിലാക്കുന്നതിന് ടെല്‍ക്ക് മാനേജ്മെന്റ് തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഇതു നടപ്പിലാക്കുന്നതിനുവരുന്ന കാലതാമസം പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നുള്ളതുകൊണ്ട് പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജോസ് തെറ്റയില്‍ എംഎല്‍എ ആവശ്യപ്പെട്ടു. ടെല്‍ക്കിലെ മലിനജലം ഒഴുക്കിവിട്ടതു ഈ പ്രദേശത്തെ പാടശേഖരങ്ങള്‍ കൃഷിയോഗ്യമല്ലാതായി തീരുകയും കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിക്കുകയും ചെയ്തതുമൂലം ഈ പ്രദേശത്തുള്ളവര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാത്രവുമല്ല ഈ മലിനജലം മൂലം ഈ പ്രദേശത്തെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നിരവധി അസുഖങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കാണുന്നതിനും ഇതുമൂലം സംഭവിച്ച കഷ്ടനഷ്ടങ്ങള്‍ക്കു സാമ്പത്തിക പരിഹാരം നല്കുവാന് സത്വരനടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ വരുന്ന കാലതാമസം ജനകീയ പ്രക്ഷോഭങ്ങള്‍ക്കു വഴി തെളിക്കണമെന്നും ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: