അങ്കമാലി: കാലടി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ വെള്ളപ്പാറയില്‍ ഇരുമ്പ് ഗേറ്റിന് പകരം ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. അങ്കമാലിയില്‍നിന്നും മൂക്കന്നൂര്‍ വെള്ളപ്പാറ വഴിയുള്ള ചാലക്കുടി പുഴയ്ക്ക് കുറുകെ വെറ്റിലപ്പാറയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച പാലത്തിലേക്കുള്ള റോഡില്‍ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ അടഞ്ഞ് കിടക്കുന്ന ഇരുമ്പ് ഗേറ്റ് മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കിഴക്കന്‍-തെക്കന്‍ മേഖലകളില്‍നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍, മേട്ടുപാളയം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എളുപ്പ മാര്‍ഗത്തില്‍ കടക്കാവുന്ന ഈ റോഡ് അടഞ്ഞുകിടക്കുന്നതിലാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്. വെറ്റിലപ്പാറ മുതല്‍ നെല്ലിച്ചോട് വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ് കാട് പിടിച്ച് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. ഇത് മൂലം ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാലടി പ്ലാന്റേഷന് കോര്പ്പറേഷന് ഇരുമ്പ് ഗേറ്റ് വച്ച് ഗതാഗതം തടസ്സപ്പെടുത്തിയ സ്ഥാനത്ത് കോര്‍പ്പറേഷന്റെ ചിലവില്‍ ഒരു ചെക്ക് പോസ്റ്റ് സ്ഥാപിച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് മൂക്കന്നൂര്‍ ഗതാഗത വികസന സമിതി കണ്‍വീനര്‍ ജോസ് കട്ടക്കയം ആവശ്യപ്പെട്ടു. അങ്കമാലിയില്‍നിന്നും അതിരപ്പിള്ളിയിലേക്കുള്ള അതിപുരാതനമായ ഗതാഗതമാര്‍ഗമാണ് ഈ ഹൃസ്വദൂര റോഡ്. ഒരു ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള പ്ലാന്റേഷന് കോര്പ്പറേഷന് അധികൃതരുടെ അനാസ്ഥ അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് വരുന്ന വിനോദസഞ്ചാരികളോട് കാട്ടുന്ന അവഗണനയും ഈ പ്രദേശത്ത് നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ആണ് ചെയ്യുന്നതെന്ന് ജോസ് കട്ടക്കയം ആരോപിച്ചു. വെള്ളപ്പാറ റോഡ് പ്രവേശനകവാടത്തില്‍ ഇരുമ്പ് ഗേറ്റ് സ്ഥിതി ചെയ്യുന്നതുമൂലം അങ്കമാലി നഗരസഭ, മൂക്കന്നൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, തുറവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ വഴിയുള്ള നാല് പൊതുമരാമത്ത് റോഡുകള്‍ വെറ്റിലപ്പാറ പാലത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ഗതിമുട്ടി നില്‍ക്കുകയാണ്. വെള്ളപ്പാറ റോഡ് അടച്ചിട്ടതുമൂലം അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പോകുന്നതിനും കാലടി പ്ലാന്റേഷനില്‍നിന്നും മറ്റുമുള്ള യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ അങ്കമാലി ഭാഗത്തേയ്ക്കും ചുറ്റി വളഞ്ഞ് കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ധന ചെലവ് വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് അധികചെലവ് വരുന്നുണ്ട്. ഇതിനെല്ലാം പരിഹാരവും ഈ പ്രദേശത്തെ വികസനവും മുന്‍നിര്‍ത്തി ഇരുമ്പുഗേറ്റ് മാറ്റി എത്രയും പെട്ടെന്ന് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്നും കട്ടക്കയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: