കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്ട്രോക്ക് പ്രത്യേക പരിചരണവിഭാഗം പ്രവര്‍ത്തനം തുടങ്ങി. ലോക സ്ട്രോക്ക് ദിനമായ ഇന്ന് ഔദ്യോഗിക ഉദ്ഘാടനം അമൃത ആശുപത്രിയിലെ അമൃതേശ്വരി ഹാളില്‍ രാവിലെ 9 ന് എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകന് രഞ്ജിത് മുഖ്യാതിഥിയായിരിക്കും. കൂടാതെ ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും “സ്ട്രോക്ക് പരിചരണത്തിലെ നൂതന ആശയങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാറും അമൃതയില്‍ നടത്തും.
ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, സ്ട്രോക്ക് വിഭാഗം മേധാവി ഡോ. ആര്.കീര്ത്തിവാസന്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ്കുമാര്‍, ഡോ. ദിലീപ് പണിക്കര്‍, ഡോ. ശ്രീകാന്ത് മൂര്‍ത്തി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
ഒരു കുടക്കീഴില്തന്നെ വിവിധ നൂതന ചികിത്സാ സൗകര്യങ്ങള്‍ അമൃതയില്‍ ലഭ്യമാണ്. നൂതന ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്ന ഏഷ്യയിലെതന്നെ ആദ്യത്തെ സംരംഭമാണ് അമൃതയിലെ സ്ട്രോക്ക് വിഭാഗം. വിദഗ്ധ ന്യൂറോളജിസ്റ്റിന് കൂടാതെ, ന്യൂറോ സര്‍ജിക്കല്‍ വിഭാഗം, സ്ട്രോക്ക് വിദഗ്ധന്മാര്, സി.ടി/എംആര്‍ഐ സൗകര്യം, എട്ട് കിടക്കകളോടുകൂടിയ നൂതന സ്ട്രോക്ക് തീവ്രപരിചരണവിഭാഗം, ആധുനിക സംവിധാനങ്ങളുള്ള ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ലാബ്, ത്രോംബോലിസിസ് ചികിത്സാവിഭാഗം തുടങ്ങിയവ അമൃതയില്‍ സമഗ്ര സ്ട്രോക്ക് ചികിത്സാ പദ്ധതിയായി പ്രവര്‍ത്തിച്ചുവരുന്നു. രോഗിക്ക്വിശദമായ രോഗനിര്‍ണയത്തിലൂടെ സി.ടി സ്കാനിംഗും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആധുനിക മരുന്നുകളും ചികിത്സാരീതികളും അമൃതയില്‍ ലഭ്യമാണ്. കൂടാതെ സ്ട്രോക്ക് തുടങ്ങി മൂന്ന് മണിക്കൂര്‍ രോഗിക്ക് രക്ഷപെടാനുള്ള സുവര്ണാവസരമാകയാല് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നു. കൃത്യമായ രോഗനിര്‍ണയത്തിനും സി.ടി സ്കാനിങ്ങിനും ശേഷം കട്ടിയായ രക്തത്തെ അലിയിക്കാനുള്ള മരുന്നുകള്‍ നല്‍കേണ്ടത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. സ്ട്രോക്ക് രോഗത്തെക്കുറിച്ച് നൂതനമായ ഒരു അവബോധം വളര്‍ത്തിയെടുക്കുകയും ആധുനിക ചികിത്സാരീതികളെക്കുറിച്ചുള്ള ശാസ്ത്രീയ ജ്ഞാനം പ്രചരിപ്പിക്കുകയുമാണ് സ്ട്രോക്ക്ദിനാചരണത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: