കൊച്ചി: രോഗികള്‍ക്ക് പോഷക സമ്പന്നമായ ഭക്ഷണം നല്കാന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച കേന്ദ്രീകൃത അടുക്കള നാളെ രാവിലെ ഒമ്പതിനുആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കേന്ദ്രഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് പദ്ധതി കമ്മീഷന് ചെയ്യും. നവീകരിച്ച ഓര്‍ത്തോ വാര്‍ഡ് പൊതുമരാമത്ത്മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നവീകരിച്ച കണ്ണുപരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയര്‍ ടോണി ചമ്മണിയും വികലാംഗര്‍ക്കുള്ള ഉപകരണവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയും ഉപഹാരസമര്‍പ്പണം പി.രാജീവ് എംപിയും നിര്‍വഹിക്കും.
ഇതിനിടെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ കഴിഞ്ഞ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിട്ടും ആരും സ്വീകരിക്കാതെ തിരിച്ചുവരുന്ന തിരസ്കൃതര്ക്കായി പ്രത്യേക വാര്‍ഡ് നിര്‍മിക്കുമെന്ന് ജില്ലാകളക്ടര്‍ പി.ഐ.ഷെയ്ക് പരീത് പറഞ്ഞു. ഇപ്പോള്‍ത്തന്നെ ആശുപത്രിയില്‍ മുപ്പതോളം പേര് ഇത്തരത്തിലുണ്ട്. ഇവര്‍ക്കായി രണ്ടേക്കര്‍ ഭൂമിയില്‍ പുതിയ വാര്‍ഡ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
കാക്കനാടോ നഗരത്തോട് അടുത്ത പ്രദേശത്തോ ഇതിനായി ജില്ലാ ഭരണകൂടം സ്ഥലം അന്വേഷിച്ചുവരികയാണ്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ 100 പേര്‍ക്ക് താമസിക്കാനാവശ്യമായ സംവിധാനങ്ങളോടെയാണ് തിരസ്കൃതഭവനം നിര്‍മിക്കുക. ഇതിന്റെ പ്രവര്‍ത്തനത്തിനായി സുമനസുകളുടെ സഹായം തേടുമെന്ന് കളക്ടര്‍ പറഞ്ഞു.
ജനുവരിയോടെ ആശുപത്രിയിലെ പുതിയ ഒപിബ്ലോക്കിന്റെയും കാന്റീനിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്രമന്ത്രി കെ.വി.തോമസ്, ഹൈബി ഈഡന് എംഎല്‍എ എന്നിവരാണ് യഥാക്രമം ഇവയുടെ നിര്‍മാണത്തിനു തുക അനുവദിച്ചത്.
മുഴുവന്‍ രോഗികള്‍ക്കും ഭക്ഷണം നല്കാന് കേന്ദ്രീകൃത അടുക്കള സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണിത്. പ്രതിദിനം അഞ്ഞൂറ് രോഗികള്‍ക്കുള്ള ഭക്ഷണം ഇവിടെ പാകപ്പെടുത്തും. വൈകിട്ടത്തെ ചായ ഉള്‍പ്പെടെ നാല് നേരത്തെ ഭക്ഷണത്തിന് പ്രതിദിനം 20,000 രൂപ ചെലവ് വരും. ഈ പണം വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയില്‍ നിന്ന് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവാഹം, ഓര്‍മദിനങ്ങള്‍, പിറന്നാള്‍ ഉള്‍പ്പെടെ ആഘോഷങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കുന്നവര്‍ ഒരു പങ്ക് ഈ ആശുപത്രിയിലെ പാവപ്പെട്ട രോഗികളുടെ ഭക്ഷണ ചെലവിലേക്ക് നല്കാന് തയ്യാറായാല്‍ നിത്യചെലവിനു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
അടുത്ത ഒരുവര്‍ഷത്തെ അടുക്കള ചെലവിെന്റ പകുതി റോസറി ഓഫ് ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഉദ്ഘാടന ദിനത്തിലെ ചെലവ് ആശുപത്രി ജീവനക്കാരുടെ വകയാണ്.
പി. രാജീവ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നനുവദിച്ച 15 ലക്ഷം രൂപയും കൊച്ചി റിഫൈനറി നല്കിയ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് അത്യാധുനിക ഊട്ടുപുര നിര്‍മിച്ചത്. അഞ്ചു ലക്ഷം രൂപ ആശുപത്രി വികസന സമിതിയില്‍നിന്നും അനുവദിച്ചിരുന്നു. 783 ബെഡ്ഡുളള ആശുപത്രിയില്‍ നിത്യവും ശരാശരി 500 പേര്‍ക്ക് ഭക്ഷണം നല്‍കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: