കൊച്ചി: ആരോഗ്യ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കേരളത്തില്‍ അനന്തസാധ്യതകളാണുള്ളതെന്ന് ശ്രീലങ്കന്‍ മന്ത്രി റിജിനാള്ഡ് കൂറെ. ഈ നാടിന്റെ തനത് പ്രത്യേകതകള്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഏറെ വര്‍ധിപ്പിക്കുന്നതാണ്. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും അന്വര്‍ത്ഥമാണെന്നും ശ്രീലങ്കന്‍ സര്‍ക്കാരിലെ ചെറുകിട കയറ്റുമതി കോര്പ്പറേഷന് വകുപ്പ് മന്ത്രിയായ കൂറെ പറഞ്ഞു. ‘കേരളാ ഹെല്‍ത്ത് ടൂറിസം 2011’ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
മരട് ലെ-മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ രാവിലെ 10നാണ് ചടങ്ങുകള്‍ നടന്നത്. ആരോഗ്യരംഗത്തും കേരളം നല്ല വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ റിജിനാള്ഡ് കൂറെ പറഞ്ഞു. ‘ഹെല്‍ത്ത് ടൂറിസം’ ലോകത്താകമാനം നല്ല വളര്‍ച്ച കൈവരിച്ചുവരികയാണ്. ടൂറിസത്തിന് ഏറെ പ്രാധാന്യം നല്കുന്ന കേരളത്തില്‍ ആരോഗ്യരംഗത്തെക്കൂടി സമന്വയിപ്പിച്ചുകൊണ്ട് കൂടുതല്‍ വളര്‍ച്ചക്കുള്ള സാധ്യതകള്‍ തുറക്കണം. ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വികസിപ്പിച്ചാല്‍ ലോകത്തിലെ ഹെല്‍ത്ത് ടൂറിസത്തിന്റെ ഹബ്ബായി മാറുവാന്‍ കേരളത്തിന് കഴിയുമെന്നും കൂറെ ചൂണ്ടിക്കാട്ടി.
ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ചെയര്മാന് ജോസ് ഡൊമിനിക് സ്വാഗതം പറഞ്ഞു. ലേക്ഷോര് ആശുപത്രി എംഡിയും ഹെല്‍ത്ത് ടൂറിസം 2011 ചെയര്‍മാനുമായ ഡോ. ഫിലിപ്പ് അഗസ്റ്റിന്, സിഐഐ മുന്‍ ചെയര്മാന് ഉമംഗ് പട്ടോഡിയ, കൊച്ചി എയര്‍പോര്‍ട്ട് എംഡി വി.ജെ.കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ടൂറിസം വകുപ്പും സിഐഐയും സംയുക്തമായാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ‘ഹെല്‍ത്ത് ടൂറിസം 2011’ അന്താരാഷ്ട്ര സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: