കൊച്ചി: ജില്ലയില്‍ എലി നശീകരണത്തിനായുള്ള റൊഡെന്റ് കണ്ട്രോള് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതി പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ വിഷം വെച്ച് നിര്‍വ്വഹിച്ചു. ജില്ലയിലെ 6 ലക്ഷം വീടുകളിലേക്ക് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് എലി വിഷാംശം അടങ്ങിയ പാക്കറ്റ് വിതരണം ചെയ്യുക. ജില്ലയിലെ ആശ വര്‍ക്കേഴ്സ് മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക. എലിവിഷ വിതരണവും ഉപയോഗക്രമവും ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നല്‍കും.
8.13 രൂപ വിലയുള്ള 50ഗ്രാം എലിവിഷമാണ് നല്‍കുന്നത്. 22 പഞ്ചായത്തുകളിലായി 135000 പായ്ക്കറ്റ് ഇന്നലെ വിതരണം ചെയ്തു. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും ആവശ്യാനുസരണം വിഷാംശം എത്തിക്കും. സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്പ്പറേഷന് വികസിപ്പിച്ചെടുത്തിട്ടുള്ള വിഷമാണ് വിതരണം ചെയ്യുന്നത്. 25 ദിവസത്തിന് ശേഷം ഇത്തരത്തില്‍ ഒരു തവണ കൂടി എലി വിഷം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എലിപ്പനിക്കെതിരെയുള്ള ബോധവല്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വാര്‍ഡിലേയും എല്ലാ വീടുകളിലേക്കും ഒരോ പാക്കറ്റ് പാഷാണമാണ് വിതരണം ചെയ്യുക. എല്ലാ വീട്ടുകാരുടേയും പൂര്‍ണ്ണ സഹകരണത്തോടെ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് വാര്‍ഡ് തലത്തില്‍ നല്കുന്ന വാര്‍ഡുതല സാനിറ്റേഷന്‍ ഫണ്ടുപയോഗിച്ചാവും പദ്ധതിയുടെ നടത്തിപ്പ്.
ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബാബു ജോസഫ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.കെ.സോമന്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാജിത സിദ്ധീഖ്, മെമ്പര്‍മാരായ ചിന്നമ്മ , എം.പി.രാജന്, അനുമോള്‍ അയ്യപ്പന്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന് എന്‍.ആര്.എച്ച്.എം. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.വി.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: