അങ്കമാലി: പോലീസിന്റെ നിഷ്ക്രിയത്വം മൂലമാണ് ശ്രീമൂലനഗരം, മൂഴിക്കുളം, കൂനമ്മാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം അരങ്ങേറുവാന്‍ സഹായകരമായിരുന്നുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പി. സി. ജേക്കബ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി മേഖല കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയില്‍ അടുത്ത കാലത്തായി വ്യാപാരികള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെ സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കയോടെയാണ് വ്യാപാരമേഖല കാണുന്നതെന്നും ഇത്തരം അക്രമികളെ ഗുണ്ടാ ആക്ടില്‍പ്പെടുത്തി അറസ്റ്റ് ചെയ്യുവാന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അത്താണിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ മേഖല പ്രസിഡന്റ് സി. പി. തരിയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ബി. മോഹനന്, ജില്ലാ സെക്രട്ടറി ജോജി പീറ്റര്‍, പോളി കാച്ചപ്പിള്ളി, കെ. ബി. സജി, എം. ജി. മോഹന്‍ദാസ്, സി. കെ. വിജയന്, സാലു പോള്‍, മണി പൂക്കോട്ടില്, പി. കെ. എസ്തോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി. പി. തരിയന്‍ (ചെയര്മാന്), പോളി കാച്ചപ്പിള്ളി (ജനറല്‍ കണ്‍വീനര്‍), എം. ജി. മോഹന്‍ദാസ്, എം. ഒ. ബേബി, സി. ജി. ദേവസ്സി, സി. വി. ഏലിയാസ്, എന്‍. എസ്. ഇളയത് (ജോ. കണ്‍വീനര്‍മാര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: