കാസര്‍കോട്:ജില്ലയിലെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട എലിപ്പനി രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ രാഘവന് അഭ്യര്‍ത്ഥിച്ചു. ലെപ്ടോ സ്പൈറോ എന്ന ബാക്ടീരിയ ആണ് എലിപ്പനി എന്ന വീത്സ് ഡിസീസിന് കാരണം. എലി മൂത്രം മൂലം അശുദ്ധമായ വെളളം, മണ്ണ്, ആഹാരം എന്നിവയിലൂടെ ശരീരത്തിലെ ചെറു മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, തൊണ്ട, എന്നിവയിലെ മൃദുല ചര്‍മ്മത്തിലൂടെയുമാണ് ഈ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. മലിനജലത്തില്‍ പണിയെടുക്കുക, മലിന ജലത്തില്‍ കുളിക്കുക, എലിമൂത്രം കലര്‍ന്ന ആഹാരം, വെളളം ഉപയോഗിക്കുക എന്നിവ വഴിയാണ് രോഗം പകരുന്നത്. എന്നാല്‍ മനുഷ്യ മൂത്രത്തിലൂടെ ഈ രോഗം പകരുന്നില്ല. കൂലിപ്പണിക്കാര്‍, ഇഷ്ടിക പണിക്കാര്, താറാവ് കൃഷിക്കാര്‍, കക്ക വാരുന്നവര്‍, ഡ്രയിനേജ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് രോഗം വരാന്‍ ഏറെ സാധ്യത. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 7 മുതല്‍ 17 വരെ ദിവസത്തിനുളളില്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കടുത്ത പനി, കുളിര്, പേശികളില്‍ വേദന, പ്രത്യേകിച്ച് കണങ്കാലിലും തുടയിലും സന്ധികളിലും വേദന, കണ്ണിന് ചുമപ്പ്, എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍. പ്രാരംഭ രോഗ ലക്ഷണങ്ങളെ തുടുര്‍ന്ന് രോഗം കരള്‍, ശ്വാസകോശം, തലച്ചോറ്, ഹൃദപേശി, വൃക്ക എന്നിവയെ ബാധിക്കുന്നു. കരളിനെ ബാധിച്ച് മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാനിടയുണ്ട്. രോഗം കണ്ടെത്തി ൪൮ മണിക്കൂറിനകം ചികില്‍സിച്ചാല്‍ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാന്‍ കഴിയും. പരിസര ശുചിത്വം പാലിക്കുകയാണ് പ്രധാന പ്രതിരോധ നടപടി. വെളളത്തില്‍ കലര്‍ന്ന അണുക്കളെ നശിപ്പിക്കാന്‍ ബ്ളീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുക, ആഹാര സാധനങ്ങള്‍ എപ്പോഴും മൂടി വെയ്ക്കുക, തിളപ്പിച്ചാറ്റിയ വെളളം കുടിക്കുക, മലിന ജലത്തിലുളള മുങ്ങിക്കുളി ഒഴിവാക്കുക, തൊഴില്‍ ചെയ്യുന്നതിനുളള സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക, ചെരുപ്പ്, ഗം ബ്യൂട്ടുകള്‍ ഉപയോഗിക്കുക, മുറിവുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, എലിപ്പനിക്ക് കാരണമായ എലികളെ ഉന്മൂലനം ചെയ്യുക എന്നിവയാണ് പ്രധാന രോഗപ്രതിരോധ നടപടികള്‍. ജില്ലയിലെവിടെയെങ്കിലും എലിപ്പനി രോഗത്തിണ്റ്റെ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരേയോ, ആരോഗ്യ പ്രവര്‍ത്തകരേയോ വിവരമറിയിച്ച് അവരുടെ നിര്‍ദ്ദേശാനുസരണം ചികില്‍സയും രോഗപ്രതിരോധ നടപടിയും സ്വീകരിക്കണമെന്ന് ശുചീകരണ പ്രക്രിയ കാര്യക്ഷമമാക്കണമെന്നും ഡിഎംഒ വ്യക്തിമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: