കൊച്ചി: തുഞ്ചന്‍പറമ്പില്‍ മലയാള സര്‍വകലാശാല സ്ഥാപിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രഥമ വീക്ഷണത്തില്‍ ഉചിതമെന്ന് തോന്നാമെങ്കിലും ഒന്നിലധികം ചതിക്കുഴികള്‍ അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് അഭിപ്രായപ്പെട്ടു.
തുഞ്ചത്താചാര്യന്റെ പ്രതിമപോലും സ്ഥാപിക്കാന്‍ കഴിയാത്ത പ്രദേശത്ത് മലയാള സര്‍വകലാശാല സ്ഥാപിച്ചാല്‍ അതിന്റെ രൂപവും ഭാവവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരേ ജില്ലയില്‍ മൂന്ന് സര്‍വകലാശാലകള്‍ സ്ഥാപിക്കുക എന്ന അനൗചിത്യവും പ്രസ്തുത നിര്‍ദേശത്തിലുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയും അലിഗഢ് സര്‍വകലാശാല കേന്ദ്രവും നിലവില്‍ തോളോട് തോള് ചേര്‍ന്നുനില്‍ക്കുന്ന ജില്ലയില്‍ മറ്റൊരു സര്‍വകലാശാല കൂടി സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നിലെ താല്‍പ്പര്യം വര്ഗീയപ്രീണനമാണെന്നതില് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു അറബി സര്‍വകലാശാലക്കുള്ള അവകാശവാദം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാള സര്‍വകലാശാല ഒരു പ്രഖ്യാപനം മാത്രമായി ഒരുങ്ങാനുള്ള സാധ്യതയും തളളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒന്ന് മലയാള സര്‍വകലാശാലക്കായി നിശ്ചയിച്ചാല്‍ ദീര്‍ഘ വീക്ഷണമുള്ള നടപടിയായിരിക്കുമെന്നും പരമേശ്വരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: