ന്യൂയോര്‍ക്ക്: ബാന്‍ കി മൂണ്‍ വീണ്ടും യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുസഭയിലെ അംഗങ്ങളായ 192 രാജ്യങ്ങളുടേയും പിന്തുണയോടുകൂടിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് ബാന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അഞ്ചുവര്‍ഷമാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ കാലാവധി 2006 ഒക്ടോബര്‍ 13 ന് കോഫി അന്നന്റെ പിന്‍ഗാമിയായിട്ടാണ് ദക്ഷിണകൊറിയക്കാരനായ ബാന്‍ കി മൂണ്‍ യുഎന്‍ സെക്രട്ടറി ജനറലായത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ബാന്‍ കി മൂണ്‍. 2012 ജനുവരി 1 ന് തുടങ്ങുന്ന അഞ്ചു വര്‍ഷക്കാലയളവിലേക്കാണ് ബാന്‍ കി മൂണിനെ വീണ്ടും തെരഞ്ഞെടുത്തത്. വിലമതിക്കാനാവാത്ത ബഹുമതിയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന് ബാന്‍കി മൂണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പുതിയ യുഎന്‍ സെക്രട്ടറി ജനറലിനെ സ്വാഗതം ചെയ്തു.
ചൈനയിലും ശ്രീലങ്കയിലും നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന ആരോപണം ബാന്‍ കി മൂണിനെതിരായി ഉയര്‍ന്നുവന്നിരുന്നെങ്കിലും അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രക്ഷോഭകര്‍ക്ക് നേരിടേണ്ടിവന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചതോടുകൂടി പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ അദ്ദേഹം കൂടുതല്‍ സ്വീകാര്യനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: