കൊച്ചി : ഡിവൈഎഫ് ഐ സംസ്ഥാന സമ്മേളനവേദിയിലെ നാടകത്തിനെതിരെ സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർ അടക്കം ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഇതേ തുടർന്ന് നാടകം അവതരിപ്പിച്ച ചിന്നൂസ് ചിലങ്ക ശശികല ടീച്ചറെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ ശശികല ടീച്ചർ.
മേഡത്തിൻ്റേയോ മേഡത്തിന്റെ രാഷ്‌ട്രീയത്തിൻ്റേയോ ടീച്ചർ എന്ന് വിളി കേൾക്കാൻ വേണ്ടി എനിക്ക് എംഡി എം എ വിൽക്കാൻ സാധ്യമല്ല എന്നാണ് ശശികല ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് . അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പിൽ ചിക്കൻപോക്സിന്റെ ആക്രമണത്തിനിടയിലും രാത്രി ഉറക്കം ഒഴിച്ചിരുന്ന് റേഡിയോയിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഒക്കെ പതനം അറിഞ്ഞ് അച്ഛനോടൊപ്പം ആർപ്പു വിളിക്കുമ്പോൾ എനിക്ക് 14 വയസ്സ് തികഞ്ഞിട്ടില്ല . അടിയന്തരാവസ്ഥ കഴിഞ്ഞ് 51 വർഷങ്ങൾക്ക് ശേഷം വികാരം വരുകയും പ്രതികരിക്കുകയും ചെയ്യുന്നവർക്ക് അത് മനസ്സിലാകില്ലെന്നും ശശികല ടീച്ചർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
മേഡം ഉണ്ടതിലും അധികം ഓണം ഞാനുണ്ടിട്ടുണ്ടല്ലോ!!!
51 കൊല്ലങ്ങൾക്കു മുമ്പ് 8 -ാം ക്ലാസ്സുകാരിയായിരുന്നു ഞാൻ!
അടിയന്തരാവസ്ഥക്കെതിരെ അന്ന് സംഘം വിതരണം ചെയ്തിരുന്ന രഹസ്യലഘുലേഖകൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത് വളർന്ന് വന്നവളാണ് ഞാൻ!
എന്റെ അച്ഛൻ തന്നെയാണ്എന്നെ അത് വായിപ്പിച്ചിരുന്നതും അതിലെ വസ്തുതകൾ വിശദമാക്കി തന്നിരുന്നതും!
സംസ്ഥാനതലത്തിൽ വരെ പ്രസംഗമത്സരങ്ങൾക്ക് പോയിരുന്ന എനിക്ക് എൻറെ പ്രിയപ്പെട്ട ഗുരുനാഥന്മാർ ഏതു വിഷയം പ്രസംഗിക്കാൻ കിട്ടിയാലും പറയാൻ പറ്റുന്ന അല്ലെങ്കിൽ പറയേണ്ടുന്ന ചില പോയിന്റുകൾ മുൻകൂട്ടി പഠിപ്പിക്കാറുണ്ടായിരുന്നു.
അതിൽ പ്രധാനപ്പെട്ടതായിരുന്നു അടിയന്തരാവസ്ഥയുടെ അച്ചടക്കത്തെ പുകഴ്‌ത്തുക
ഇരുപതിനപരിപാടികളെ പുകഴ്‌ത്തുക
അതോടൊപ്പം നാവടക്കു പണിയെടുക്കൂ” പോലുള്ള ചില മുദ്രാവാക്യങ്ങൾ ഒക്കെ!
പക്ഷേ ഒരിക്കൽപോലും ഒരു പ്രസംഗവേദിയിലും അന്നൊന്നും ഞാനത് അവതരിപ്പിച്ചിട്ടില്ല.
അടിയന്തരാവസ്ഥയോടുള്ള എൻറെ പ്രതിഷേധം ആയിരുന്നു അത്!
പലപ്പോഴും മത്സരം കഴിഞ്ഞാൽ അധ്യാപകർ ചോദിക്കാറുണ്ട് എന്തേ അത് പറയാഞ്ഞത് എന്ന്?
പ്രസംഗത്തിന്റെ ഫ്‌ളോക്കിടയിൽ മറന്നുപോയി എന്ന് കള്ളം പറഞ്ഞ് തടിയെടുക്കാറാണ് പതിവ്.
അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പിൽ ചിക്കൻപോക്സിന്റെ
ആക്രമണത്തിനിടയിലും രാത്രി ഉറക്കം ഒഴിച്ചിരുന്ന് റേഡിയോയിൽ നിന്ന്
സഞ്ജയ് ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഒക്കെ പതനം അറിഞ്ഞ് അച്ഛനോടൊപ്പം ആർപ്പു വിളിക്കുമ്പോൾ
എനിക്ക് 14 വയസ്സ് തികഞ്ഞിട്ടില്ല!
അടിയന്തരാവസ്ഥ കഴിഞ്ഞ് 51 വർഷങ്ങൾക്ക് ശേഷം വികാരം വരുകയും പ്രതികരിക്കുകയും ചെയ്യുന്നവർക്ക് അത് മനസ്സിലാകില്ല
മനസ്സിലാകണം എന്നുമില്ല!
മാഡം ഞാൻ ടീച്ചർ തന്നെയാണ്
അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു
ഒരു സംഘടനാ പ്രവർത്തക എന്നതിലുപരി എൻറെ അഭിമാനം അത് തന്നെയാണ്
എൻറെ അഡ്രസ്സ് അതുതന്നെയാണ്.
ഞങ്ങളുടെ വീട്ടുപേര് ഇവിടെ പലർക്കും അറിയില്ല
എല്ലാവർക്കും ഇത് ടീച്ചറുടെ വീടാണ്.
ഞാനെന്ന ടീച്ചറുടെ മാത്രമല്ല
എൻറെ അമ്മ ടീച്ചറുടേതുകൂടി!
മൂന്നര പതിറ്റാണ്ടിലധികം
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ
കുട്ടികളെ പഠിപ്പിച്ച
ഞാൻ ആ വിളി കാതു നിറച്ചു കേട്ടിട്ടുണ്ട്.
ഇന്നും ലോകത്തിൻറെ നാനാഭാഗങ്ങളിൽ
ഞാൻ പഠിപ്പിച്ച എൻറെ കുട്ടികളുണ്ട്.
അതുകൊണ്ട് മാഡം എന്നെ ടീച്ചർ എന്നു വിളിച്ചില്ലെങ്കിലും No problem!
Sorry Madam
ഇനി മേഡത്തിൻ്റേയോ മേഡത്തിന്റെ രാഷ്‌ട്രീയത്തിൻ്റേയോ ടീച്ചർ എന്ന് വിളി കേൾക്കാൻ വേണ്ടി എനിക്ക് എംഡി എം എ വിൽക്കാൻ സാധ്യമല്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ .
















