ന്യൂദല്‍ഹി: ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷാ സുരക്ഷ ശക്തമാക്കാനുളള നീക്കത്തിന്റെ ഭാഗമായാണിത്.600 വിദഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.
25ഓളം ഉദ്യോഗസ്ഥരെ വൈകാതെ നിയമിക്കും. എന്‍ടിഎ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനിച്ചു. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും.പരീക്ഷകള്‍ സുഗമമായി നടത്താന്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരീക്ഷകള്‍ പൂര്‍ണ സുരക്ഷയോടെ പഴുതുകളടച്ച് നടത്തണമെന്ന് ദേശീയ പരീക്ഷാ ഏജന്‍സിയാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. യു.ജി.സി. നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെയുളള ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പരീക്ഷാനടപടികള്‍ സമഗ്രമായി പരിശോധിക്കാനും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേശീയ പരീക്ഷാ ഏജന്‍സിയാട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ചോദ്യപ്പേപ്പര്‍ തയാറാക്കല്‍ ഉള്‍പ്പെടെയുള്ള രഹസ്യസ്വഭാവമുള്ള കാര്യങ്ങളില്‍ നിലവിലുള്ള രീതികള്‍ പൊളിച്ചെഴുതണമെന്നും, ഇതിനായി പ്രത്യേക മുറികള്‍, ഫോണുകളും മറ്റ് സാമഗ്രികളും ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടങ്ങിയ സുരക്ഷാ പ്രോട്ടോകോളുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വീഴ്ചകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു.പിന്നാലെയാണ് പുതിയ നടപടി. വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കൂടുതല്‍ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു. വിദ്യാര്‍ഥികളുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം മാറ്റങ്ങള്‍ നടപ്പാക്കുമെന്നും അറിയിച്ചു. യുജിസി നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടര്‍ന്ന് ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്തംബര്‍ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്തംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെയുള്ള ഒന്നാം ഷിഫ്റ്റില്‍ ഇംഗ്ലീഷും ഉച്ചയ്‌ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്‌സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്തംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെ നടക്കും.
വിദഗ്ധര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് പുതിയ നടപടി.
















