പാറശ്ശാല: പിണറായി വിജയനെ സ്തുതിച്ച് കാരണഭൂതന്‍ പാട്ടെഴുതി മെഗാ തിരുവാതിര നടത്തിയ കവിയും സിപിഎം പാറശ്ശാല ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ എസ്. അജയകുമാര്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. പിണറായി പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ രാജിവയ്‌ക്കണമെന്ന് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ അജയകുമാര്‍ ആവശ്യപ്പെട്ടു.
കേരള രാഷ്‌ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു പാറശ്ശാലയില്‍ പിണറായി വിജയനെ സ്തുതിച്ച് കൊണ്ട് നടത്തിയ മെഗാ തിരുവാതിര. പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സ്തുതിഗീതങ്ങള്‍ പാടി 502 പേരെ പങ്കെടുപ്പിച്ചായിരുന്നു മെഗാ തിരുവാതിര. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര വിവാദമായിരുന്നു. കൊവിഡ് മാനദണ്ഡം പാലിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പിന്നാലെ പാറശ്ശാല പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം നടന്ന പാറശാല ഏരിയാ കമ്മിറ്റി യോഗത്തിലെ ഔദ്യോഗിക റിപ്പോര്‍ട്ടിങ്ങിനിടെയാണ് പാര്‍ട്ടി മേല്‍ഘടകങ്ങളെ ഞെട്ടിച്ചുകൊണ്ട് പിണറായിക്കെതിരെ തുറന്ന പോരാട്ടത്തിന് പാറശ്ശാല ഏരിയാ സെക്രട്ടറി തുടക്കമിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പടയൊരുക്കം.
















