ഹരിപ്പാട്: ഹരിപ്പാട് ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ ആറാട്ടുപുറപ്പാടിനോട് അനുബന്ധിച്ച് പോലീസ് നല്‍കിവരുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്തലാക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി.
ആന എഴുന്നള്ളിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ക്ഷേത്രച്ചടങ്ങുകള്‍ വികലമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കുന്നതിന് നിയമവ്യവസ്ഥകളെ ദുര്‍വ്യാഖ്യാനം ചെയ്തും അല്ലാതെയും നടത്തുന്ന ശ്രമങ്ങളെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച നാമജപ യാത്രയിലും ഭക്തജന പ്രതിഷേധ കൂട്ടായ്മയിലും സംസാരിക്കുകയായിരുന്നു രാജശേഖരന്‍.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തന്ത്രി ദേവന്‍ സനല്‍ നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. രാജഭരണകാലം മുതല്‍ തുടരുന്ന ആചാരങ്ങള്‍ പാലിക്കും എന്ന ഉറപ്പിലാണ് ക്ഷേത്രങ്ങളും സ്വത്ത് വകകളും സര്‍ക്കാരിന് കൈമാറി ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ലംഘിക്കാന്‍ അനുവദിക്കില്ല. ആന എഴുന്നള്ളടക്കമുള്ള വിഷയങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന ചില ന്യായാധിപന്മാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി വി. സുശികുമാര്‍, സമിതി അംഗം ജി. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കര്‍, ജനറല്‍ സെക്രട്ടറിമാരായ എം.പ്രഗല്‍ഭന്‍, എസ്. ചന്ദ്രശേഖരന്‍, ഉപാധ്യക്ഷന്‍ പി.എസ്. രാജീവ്, വിഎച്ച്പി ജില്ലാ സെക്രട്ടറി മനു ഹരിപ്പാട്, ബിജെപി മണ്ഡലം പ്രസിഡന്റ് ജെ. ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക