മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിൽ ദുർഗ്ഗാദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം. ത്വക്ക് രോഗങ്ങൾക്ക് പരിഹാരമായി ഈ ക്ഷേത്രത്തിലെ ആമകൾക്ക് നിവേദ്യ ചോറ് നൽകിയാൽ മതി എന്നാണ് വിശ്വാസം. മറ്റൊരു പ്രത്യേകത എരുമപ്പാലാണ് ഭഗവതിക്ക് നിവേദിക്കുക എന്നുള്ളതാണ്. ധാരാളം ആമകളുള്ള കുളം ആയതിനാൽ ആമക്കുളം എന്നാണ് അറിയപ്പെടുന്നത്. കുളത്തിനു നടുവിൽ മഹാവിഷ്ണുവിന്റെ അവതാരമായ കൂർമ്മത്തിന്റെ പ്രതിഷ്ഠയും കാണാം.
കടുത്ത വേനലിൽ കുളം വറ്റുമ്പോൾ ആമകളെല്ലാം അപ്രത്യക്ഷമാകും.എന്നാൽ വീണ്ടും മഴക്കാലം ആകുമ്പോൾ അവ മടങ്ങി വരികയും ചെയ്യും. ആമനിവേദ്യം എന്ന പേരിൽ ഒരു പ്രത്യേക വഴിപാട് ഈ ക്ഷേത്രത്തിൽ ഉണ്ട്. കുളത്തിലിറങ്ങി കുടത്തിൽ വെള്ളം കോരി എല്ലാ ഭക്തർക്കും കൂർമ്മാവതാര വിഗ്രഹത്തിൽ അഭിഷേകം നടത്താമെന്ന മറ്റൊരു പ്രത്യേകതയും ഇവിടെ ഉണ്ട് .തലമുടി കൊഴിയുന്നതിന് ഈർക്കിൽ ചൂൽ സമർപ്പിക്കുന്ന വഴിപാടും ഉണ്ട്. കാസർകോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിലാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വള്ളിപ്പടർപ്പുകൾക്കും ഔഷധ സസ്യങ്ങളും നിറഞ്ഞ ചെറിയ ഒരു വനത്തിന് നടുവിലായാണ് ഈ ക്ഷേത്രം.സരസ്വതി,വനശാസ്താവ്, രക്തേശ്വരിനാഗവും ആണ് ഇവിടുത്തെ ഉപദേവതകൾ. നവരാത്രി ഇവിടത്തെ പ്രധാന ഉത്സവ മാണ്. ത്രിനേത്രത്തോടെ ശംഖ്,ചക്രം,അമ്പ്,വില്ല് എന്നിവ നാലു കൈകളിൽ ധരിച്ച് മഹിഷാസുരന്റെ തലയിൽ ചവിട്ടി നിൽക്കുന്ന ദേവി കിരീടവും ധരിച്ചാണ് ഇവിടത്തെ പ്രതിഷ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: