തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരും .തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിന്റെയും ന്യൂനമർദപാത്തിയുടെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിലാണ് കേരളത്തിൽ മഴ തുടരുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് . മധ്യകിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപമാണ് ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരിച്ച് നാളെ രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 15 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: