തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമം നടന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും നിയമനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് എ. ഡി. ജി. പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ചും അന്വേഷിക്കും.
ഇന്റലിജന്‍സ് എ. ഡി. ജി. പി മനോജ് എബ്രഹാമാണ് ഇത് അന്വേഷിക്കുക. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത്കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ഡി. ജി. പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയെ തന്നെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗമാണ് ഈ വിഷയത്തില്‍ തീരുമാനമെടുത്തത്.
പൂരം നടത്തിപ്പില്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യങ്ങള്‍ നടന്നുവെന്നത് ഗൗരവമായി സര്‍ക്കാര്‍ പരിശോധിക്കും. സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 24ന് തനിക്ക് ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങള്‍ ഉണ്ടായി. സംശയിക്കേണ്ട അനേകം കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. നിയമപരമായി അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ അവിടെ ബോധപൂര്‍വം ഉണ്ടായി. അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിത ശ്രമം അനുവദിക്കില്ല. തൃശൂര്‍ പൂരം ആഘോഷവും ഉത്സവവുമായി മാത്രം ചുരുക്കി കാണേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
















