ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ ശേഷിക്കെ തിരക്കിന്റെ പേരില്‍ ഭക്തരെ വഴിയില്‍ തടഞ്ഞ് പോലീസ്. പോലീസിന്റെ നിയന്ത്രണത്തില്‍ മനം മടുത്ത നിരവധി തീര്‍ത്ഥാടകര്‍ പമ്പാ ഗണപതി ക്ഷേത്രത്തില്‍ കെട്ടിറക്കിയ ശേഷം തിരികെ മടങ്ങി. കുട്ടികളോടും പോലും രോഷത്തോടെയാണ് പോലീസുകാര്‍ പെരുമാറുന്നതെന്ന് ഭക്തര്‍ പരാതിപ്പെട്ടു.
ശബരീശ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരെ തടഞ്ഞിടില്ലെന്ന ദേവസ്വം മന്ത്രിയുടെയും ദേവസ്വം പ്രസിഡന്റിന്റെയും ഉറപ്പിനെ കാറ്റില്‍ പറത്തിയാണ് പോലീസ് ഭക്തര്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ശബരീശ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് ഇന്നലെ 10 മണിക്കൂറില്‍ അധികം കാത്തിരിക്കേണ്ടി വന്നു. പാല, പൊന്‍കുന്നം,ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ പോലീസ് മണിക്കൂറുകളോളം തടഞ്ഞിട്ടു. പല സ്ഥലങ്ങളിലും പോലീസും തീര്‍ത്ഥാടകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. കുട്ടികളും പ്രായമായവരും അടക്കം നിരവധി തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കുടിവെള്ളം പോലും ലഭിക്കാതെ വലഞ്ഞു. നിലയ്ക്കലിലും വാഹന നിയന്ത്രണം ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ തന്നെ പമ്പാ ത്രിവേണി തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. പമ്പയില്‍ എത്തിയ തീര്‍ത്ഥാടകരെ മലചവിട്ടാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം പോലീസ് പൊരിവെയിലത്ത് നിര്‍ത്തിയ ശേഷമാണ് കടത്തി വിട്ടത്. വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി 92,000 തീര്‍ത്ഥാടകരും, സ്പോട്ട് ബുക്കിങിലൂടെ ഏകദേശം 10,000, പുല്ലുമേട് കാനനപാതവഴി 10,000ല്‍ അധികവും തീര്‍ത്ഥാടകരും ഇന്നലെ ദര്‍ശനത്തിന് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷവും എരുമേലിയില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങളുടെ ഒഴുക്കായിരുന്നു.
തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനായി ബറ്റാലിയന് ഡിഐജി രാഹുല്‍ ആര്.നായര്‍ സന്നിധാനത്ത് എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. കൂടുതല്‍ പോലീസിനെയും സന്നിധാനത്ത് വിന്യസിച്ചു. നിലവിലുള്ള 1750 പോലീസുകാര്‍ക്ക് പുറമേ മൂന്ന് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ ഉള്‍പ്പെടുന്ന 500 പേര് കൂടി പുതിയതായി എത്തി. ഇതോടെ സന്നിധാനത്ത് തിരക്ക് നിയന്ത്രണത്തിനായി 2250 പോലീസുകാരാണ് ഉണ്ടാവുക.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ സന്നിധാനത്തെ വിവിധ മേഖലകളായി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: