തിരുവനന്തപുരം: ബ്രഹ്മസ്വവും പോയി ദേവസ്വവും പോയി, ഇനി കൈമുതലായുള്ളത് ഭക്തരുടെ വിശ്വാസം മാത്രമാണെന്ന് മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര് കിഴക്കേമഠം പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര്. അഖില കേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലത്തിന്റെ ഒന്‍പതാമത് വാര്‍ഷിക സമ്മേളനവും ആചാര്യ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉച്ചനീചത്വം, സവര്‍ണമേധാവിത്തം എന്നീ നിരവധി അപവാദങ്ങള്‍ പറഞ്ഞു കൊണ്ട് ബ്രാഹ്മണസമൂഹത്തെ ഒറ്റപ്പെടുത്തി. ബ്രാഹ്മണനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനാണെങ്കില് ഇന്നും ആ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നും കിഴക്കേമഠം പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര് പറഞ്ഞു. ശബരിമല മുന്‍ മേല്‍ശാന്തിയായിരുന്ന വാഴയില്‍ മഠം വി.കെ. ശങ്കരന് നമ്പൂതിരിയുടെ പേരിലുള്ള സ്മൃതി പുരസ്കാരം മുന്‍ ശബരിമല മേല്‍ശാന്തി എന്‍. ബാലമുരളിക്ക് കിഴക്കേമഠം പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര് സമ്മാനിച്ചു.
തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാഴയില്‍ മഠം എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ക്ടാക്കോട്ടില്ലം എസ്. രാധാകൃഷ്ണന് പോറ്റി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ആര്. നമ്പൂതിരി, രക്ഷാധികാരി കാക്കോട്ടില്ലം എസ്. നീലകണ്ഠന് പോറ്റി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
സമ്മേളനത്തോടനുബന്ധിച്ച് കൈപ്പള്ളി ഇല്ലം കെ. പുരുഷോത്തമന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഐശ്വര്യ മഹായജ്ഞവും ശ്രീ ചക്ര പൂജയും നടന്നു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാശ്രീ പുരസ്കാരങ്ങളും കലാകായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് പ്രതിഭശ്രീ പുരസ്കാരങ്ങളും വിതരണം ചെയ്തു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടല്‍മന പി. വിഷ്ണു നമ്പൂതിരി, സംസ്ഥാന രജിസ്ട്രാര്‍ ഡോ. ദിലീപന് നമ്പൂതിരി, സംസ്ഥാന സിആര്‍ഒ എന്‍. വാമനന് നമ്പൂതിരി, ശബരിമല മുന്‍ മേല്‍ശാന്തി തെക്കേടം എന്‍. വിഷ്ണു നമ്പൂതിരി, യോഗക്ഷേമസഭ മുന്‍ ജനറല്‍ സെക്രട്ടറി എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി, സംസ്ഥാന വനിതാ പ്രസിഡന്റ് മല്ലിക നമ്പൂതിരി, നിര്‍വാഹകസമിതി അംഗം മാധവന് പോറ്റി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി. ശംഭു നമ്പൂതിരി, തന്ത്രി മണ്ഡലം ജില്ലാ സെക്രട്ടറി മുളിയൂര്‍ കിഴക്കേമഠം എന്‍. മഹാദേവന് പോറ്റി, സംസ്ഥാന ട്രഷറര്‍ എസ്. ഗണപതി പോറ്റി, വിവിധ ജില്ലകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: