ഹാങ്ഷൂ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പില്‍. ചൈന, ബംഗ്ലാദേശ്, മ്യാന്മര് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. വനിതാ ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്കൊപ്പമുള്ളത് തായ്ലാന്ഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളാണ്. ഇന്നലെയാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിന്റെ ഗ്രൂപ്പ് നിര്‍ണയ നറുക്കെടുപ്പ് നടന്നത്.
പുരുഷ ഫുട്ബോളില്‍ ആറ് ഗ്രൂപ്പുകളാണുള്ളത്. പ്രാഥമിക ഘട്ട മത്സരങ്ങള്‍ കഴിയുമ്പോള്‍ പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് മുന്നേറും. നോക്കൗട്ടില്‍ റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍, സെമി പോരുകള്‍ കടന്ന് ഫൈനലിലത്തുവിധമാണ് മത്സരഘടന.
വനിതാ ഫുട്ബോളില്‍ അഞ്ച് ഗ്രൂപ്പുകളാണുള്ളത്. ഓരോന്നിലെയും ഗ്രൂപ്പ് ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടറിലെത്തുന്ന തരത്തിലാണ് വനിതാ ഫുട്ബോള്‍ പുരോഗമിക്കുക.
ഇന്ത്യ ഫുട്ബോള്‍ ടീമിനെ അയക്കേണ്ടതില്ലെന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്(ഐഒഎ) തീരുമാനം തിരുത്തിയത് കഴിഞ്ഞ ദിവസമാണ്. ഏഷ്യന്‍ ഫുട്ബോള്‍ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്ഥാനമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) കേന്ദ്ര കായിക മന്ത്രാലയത്തില്‍ അപ്പീല്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അനുകൂല വിധി നേടിയെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനാകുമെന്ന കാര്യത്തില്‍ തീരുമാനമായത്.
ഏഷ്യന്‍ റാങ്കിങ്ങില്‍ നിലവില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ പുരുഷ, വനിതാ ടീമുകള്‍ യഥാക്രമം 18, 11 സ്ഥാനങ്ങളിലാണ്. 2014ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. 2018ല്‍ ഐഒഎ ഇത്തവണ പറഞ്ഞ അതേ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയെ പങ്കെടുപ്പിച്ചിരുന്നില്ല. മുമ്പ് 1951ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസ് ചട്ടമനുസരിച്ച് പങ്കെടുക്കുന്ന ടീമുകളില്‍ 23 വയസ്സിന് മേല്‍ പ്രായമുള്ള മൂന്ന് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഇന്ത്യന്‍ ടീമില്‍ പങ്കെടുക്കുന്നത് പരിചയ സമ്പന്നനും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രി, ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, പ്രതിരോധതാരം സന്ദേഷ് ജിങ്കാന് എന്നിവരാണ് ഇന്ത്യയ്ക്കായി അണിനിരക്കുന്ന മൂന്ന് മുതര്‍ന്ന താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: