ന്യൂദല്‍ഹി:ഗുസ്തി താരങ്ങളുടെ സമരത്തെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന വസ്തുത പുറത്തായതോടെ ഗുസ്തി താരങ്ങളെ ഉപദേശിച്ച പി.ടി. ഉഷയ്‌ക്ക് ട്വിറ്ററില്‍ വന്‍ പിന്തുണ. ‘ഇന്ത്യസ്റ്റാന്‍റ്സ് വിത് പി.ടി.ഉഷ’ (#IndiastandswithPTUsha) എന്ന ടാഗ് ഇപ്പോള്‍ ട്രെന്‍ഡായി ഓടിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് പേരാണ് ഉഷയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ്ങ് ഹൂഡയാണ് മറഞ്ഞിരുന്ന് ഗുസ്തി താരങ്ങളെ സമരത്തിനായി ഇളക്കിവിടുന്നതെന്ന് തെളിഞ്ഞു. ഗുസ്തിക്കാരെ ഉപയോഗിച്ച് ജാട് രാഷ്‌ട്രീയം അഴിച്ചുവിടാനാണ് ശ്രമം. റെസ്ലേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി ബ്രിജ് ഭൂഷനെതിരെയാണ് വിനേഷ് ഫൊഗാട്ടും സാക്ഷി മാലിക്കും ഉള്‍പ്പെടെ സമരത്തിനിറങ്ങിയിരിക്കുന്നത്. ബ്രിജ് ഭൂഷനെ ജയിലില്‍ അയയ്‌ക്കുന്നത് വരെ സമരമെന്നാണ് ഗുസ്തി താരങ്ങള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഗുസ്തിക്കാരുടെ ഈ സമരം ബിജെപിയ്‌ക്കെതിരായ സമരമായി മാറിയിരിക്കുകയാണ്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഎം നേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ അവസരം മുതലെടുത്ത് സമരത്തില്‍ ചാടിവീണിരിക്കുകയാണ്. വാസ്തവത്തില്‍ ഗുസ്തിതാരങ്ങളുടെ സമരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗാട്ട് എന്നിവര്‍ പ്രതിപക്ഷത്തിന്റെ കയ്യിലെ കളിപ്പാവകളായിരിക്കുന്നു എന്ന വിമര്‍ശനം ശക്തമാവുകയാണ്.
ലൈംഗിക പീഡന പരാതികള്‍ കേള്‍ക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഒരു കമ്മിറ്റിയുണ്ടെന്നും ഇതില്‍ പരാതി നല്‍കാതെ ഗുസ്തിതാരങ്ങള്‍ തെരുവില്‍ ഇറങ്ങിയത് ശരിയായില്ല എന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷ വിമര്‍ശിച്ചിരുന്നു. സമരം ചെയ്യുന്നവര്‍ ക്ക് നേരത്തെ തന്നെ സമീപിക്കാമായിരുന്നുവെന്നും പി.ടി. ഉഷ പറഞ്ഞിരുന്നു. ഇത്തരം തെരുവ് സമരം ഗുസ്തിക്കാര്‍ക്ക് മാത്രമല്ല, കായികരംഗത്ത് ആര്‍ക്കും ഗുണം ചെയ്യില്ലെന്നും പറഞ്ഞു.
ഇതോടെ പി.ടി. ഉഷയ്‌ക്കെതിരെ കേരളത്തിലെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. സിപിഎം നേതാവ് പി.കെ. ശ്രീമതി പി.ടി. ഉഷയെ വിമര്‍ശിച്ചിരുന്നു. സാക്ഷി മാലിക്കും പി.ടി. ഉഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് പി.ടി. ഉഷയ്‌ക്ക് പിന്തുണയുമായി ട്വിറ്ററില്‍ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയത്. വാസ്തവത്തില്‍ ഗുസ്തി താരങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികളുടെ കെണിയില്‍ വീഴുകയായിരുന്നു.
















