Categories: Kollam

കൃഷിയെ അടുത്തറിയാന്‍; ഒറ്റഞാര്‍ കൃഷിയുമായി ഇളമ്പള്ളൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, നടപ്പിലാക്കിയത് എസ്ആര്‍ഐ ഫാമിംഗ് സിസ്റ്റം

Published by

കുണ്ടറ: കൃഷിയെ അടുത്തറിയാന്‍ സാഹചര്യം ഒരുക്കി ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍. കുരുവിള ജോര്‍ജിന്റെ ഇളമ്പള്ളൂരിലെ ഒരു ഏക്കര്‍ പാടത്തിലെ പകുതി ഭാഗത്താണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒറ്റഞാര്‍ കൃഷി  ഇറക്കിയത്.  സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ബി.അനില്‍ കുമാര്‍ ഞാറ്റു നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തതോടെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പാടത്തിലെ മുട്ടൊപ്പം താഴുന്ന ചേറ്റിലിറങ്ങി നടീല്‍ ആരംഭിച്ചു. 

രാവിലെ ഒന്‍പതുമണിയോടെ ആരംഭിച്ച നടീല്‍ ഉച്ചയ്‌ക്ക് രണ്ടിന് അവസാനിച്ചപ്പോള്‍ കാത്തിരുന്നത് നല്ല നാടന്‍ ചീനി പുഴുക്കും മുളക് ചമ്മന്തിയും. ചേറ്റു മണവും ചീനി പുഴുക്കും ആസ്വദിച്ച് വിദ്യാര്‍ഥികള്‍ പാടത്തു നിന്നും മാറിയപ്പോള്‍ പിന്നീട് ബാക്കി അര ഏക്കര്‍ നടനായി കുടുംബശ്രീ പ്രവര്‍ത്തകരും സജീവമായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് കുരുവിളയും ആദ്യാവസാനം വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു. കൃഷി ഭവനില്‍ നിന്നും ലഭിച്ച ഉമ വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. 

കൃഷി ലാഭകരമാക്കാന്‍ എസ്ആര്‍ഐ ഫാമിംഗ് സിസ്റ്റമാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു. ഇളമ്പള്ളൂര്‍ കൃഷി ഓഫീസര്‍ സജിതമോളാണ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്നത്. എന്‍എസ്എസ് സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍. സുജാകുമാരി, മുന്‍ പ്രോഗ്രാം ഓഫീസര്‍ രാജന്‍ മലനട, സ്‌കൂള്‍ അധ്യാപകരായ രാജന്‍ ജോര്‍ജ്ജ്, വി.ബിന്ദു, ഷൈനി കെ. കോശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by