കഴിഞ്ഞ അഞ്ചര വര്‍ഷമായി സംസ്ഥാനത്ത് ഭരണം നടത്തുന്ന ഇടതു സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. പങ്കാളിത്തപെന്‍ഷന്റെ കാര്യത്തിലുള്‍പ്പെടെ ജീവനക്കാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കാതെ വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരെ സാരമായി ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ അടിയന്തിരമായ പരിഹാരം ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ സംഘ് നാളെ സംസ്ഥാന വ്യാപകമായിപ്രതിഷേധദിനം ആചരിക്കുകയാണ്.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണം.
അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയത്. ഭരണകാലാവധി അവസാനിച്ചിട്ടും ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് നല്കിയ വാക്ക് പാലിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു സര്‍ക്കാര്‍.സര്‍ക്കാറിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ കേരള എന്‍.ജി.ഒ സംഘ് നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായി 2018 നവംബര്‍ മാസത്തില്‍ ഒരു പുന: പരിശോധന സമിതിയെ നിശ്ചിയിച്ചു. രണ്ടരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ 30 നാണ് ആ സമിതി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ടില്‍ യാതൊരുവിധ നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല.
പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ തികച്ചും വഞ്ചനാപരമായ നിലപാടാണ് ഇടതുപക്ഷം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്. 2004 ജനുവരി മുതല്‍ കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് അന്നത്തെ എന്‍.ഡി. എ സര്‍ക്കാര്‍ കേന്ദ്ര ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് നടപ്പിലാക്കിയത്. നാല് മാസങ്ങള്‍ക്ക് ശേഷം 2004 മെയ് മാസത്തില്‍ ഇടതുപക്ഷത്തിന്റെ 62 എം. പി.മാരുടെ പിന്തുണയോട് കൂടി അധികാരത്തില്‍ വന്ന മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാരാണ് 2004 ഡിസംബര്‍ മാസത്തില്‍ പങ്കാളിത്ത പെന്ഷന് നിയമപ്രാബല്യം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഗസറ്റ് വിജ്ഞാപനം വഴി ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സമരം നടത്തുന്ന ഇടതുപക്ഷത്തിന് എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നുവെങ്കില്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ആദ്യത്തെ ക്യാബിനറ്റില്‍ തന്നെ പങ്കാളിത്ത പെന്ഷന് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കാമായിരുന്നു. ആ സര്‍ക്കാരിന്റെ ഭരണകാലാവധിയായ അഞ്ചുവര്‍ഷക്കാലവും പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കുവാന്‍ മന്മോഹന്സിഗ് സര്‍ക്കാരിന് പിന്തുണ നല്‍കുകയായിരുന്നു ഇടതുപക്ഷം.
2013 ഏപ്രില്‍ ഒന്നു മുതല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി. എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പങ്കാളിത്തപെന്ഷനെതിരെ കേരള എന്‍.ജി.ഒ സംഘും ഇടതുസര്‍വ്വീസ് സംഘടനകളും അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള അതിശക്തമായ പ്രക്ഷോഭങ്ങളാണ് ഒറ്റയ്ക്കും കൂട്ടായും നടത്തിയത്. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്നായിരുന്നു 2016 ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാറിന്റെ വാഗ്ദാനം. എന്നാല്‍ സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിന്നിരുന്ന സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, ഗുരുവായൂര്‍ ദേവസ്വം, കണ്ണൂര്‍ യൂണിവേഴ്സിറ്റി, ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മലിനീകരണ നിയന്ത്രണബോര്‍ഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ കൂടി പുതിയതായി പങ്കാളിത്ത പെന്ഷന് നടപ്പിലാക്കുകയായിരുന്നു പിണറായിസര്‍ക്കാര്‍. പങ്കാളിത്ത പെന്‍ഷനെതിരെ 2013 ജനുവരിയില്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായ ഡയസ്നോണ്‍ പിന്‍വലിക്കുവാന്‍ പോലും തയ്യാറാകാത്ത ഇടതുസര്‍ക്കാര്‍ പങ്കാളിത്തപെന്‍ഷന്‍ ബാധകമായ ജീവനക്കാരന്റെ കുടുംബപെന്ഷന് 50 ശതമാനത്തില്‍ നിന്നും 30 ശതമാനമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല, സംസ്ഥാനത്ത് നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് നിയമപ്രാബല്യം നല്‍കുന്നതിനായി 13.05.2020 നും ജി.ഒ.(പി) നമ്പര്‍ 58/2020/ഫിന് എന്ന ഉത്തരവ് പ്രകാരം എസ്.ആര്.ഒ. നമ്പര്‍ 368/2020 പ്രകാരം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതും പിണറായി സര്‍ക്കാരായിരുന്നു. ഇടതുസര്‍ക്കാറിന്റെ വഞ്ചനയുടെ മറ്റൊരു ഉദാഹരണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2013 മുതല്‍ 2016 വരെയുള്ള മൂന്ന് വര്‍ഷമാണ് പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തതെങ്കില്‍ പിണറായി സര്‍ക്കാര്‍ 2016 മുതല്‍ 2021 വരെ അഞ്ചരവര്‍ഷമായി ശമ്പളം പിടിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്ഷന് ബാധകമായ കേന്ദ്രജീവനക്കാരുടെ സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി ഉയര്‍ത്തുകയും അവര്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാറ്റിയുവിറ്റി അനുവദിക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ പോലും നല്കുവാന് തയ്യാറാകുന്നില്ല. യു.ഡി. എഫ് മാറി എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരാണ് എന്‍.പി.എസ് പിന്‍വലിക്കേണ്ടതെന്ന് പറഞ്ഞ് കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന വിചിത്രമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്ന് മാത്രമല്ല പുന: പരിശോധനാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്ക് നല്കിയ വാക്ക് പാലിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
ലീവ് സറണ്ടര്‍ ഉടന്‍ അനുവദിക്കണം
വിദ്യാലയ വര്‍ഷാരംഭത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉള്‍പ്പെടെ ജീവനക്കാര്‍ ആശ്രയിച്ചിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം കഴിഞ്ഞ രണ്ട് വര്‍ഷമായി മരവിപ്പിച്ചിരിക്കുകയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2020-21 വര്‍ഷത്തെ സറണ്ടര്‍ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിച്ചുവെങ്കിലും അത് പിന്‍വലിക്കുവാനുള്ള അവസരം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. 2021-22 വര്‍ഷത്തെ ലീവ് സറണ്ടര്‍ ക്ലാസ് – 4 ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ രൊക്കം പണമായി ലഭിച്ചിരുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ജീവനക്കാരുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്ന ഈ നിലപാടില്‍ സര്‍ക്കാര്‍ മാറ്റം വരുത്തേണ്ടതുണ്ട്. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് സറണ്ടര്‍ ആനുകൂല്യം അടിയന്തിരമായി അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ശമ്പള പരിഷ്ക്കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കണം
ജീവനക്കാര്‍ക്ക് വളരെയേറെ കഷ്ടനഷ്ടങ്ങള്‍ വരുത്തികൊണ്ടാണ് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന സര്‍വ്വീസ് വെയിറ്റേജ് പൂര്‍ണ്ണമായും ഒഴിവാക്കി. 1973 മുതലുള്ള എല്ലാ ശമ്പള പരിഷ്കരണങ്ങളിലും സീനിയര്‍ – ജൂനിയര്‍ അനോമലി പരിഹരിക്കുന്നതിനായി അനുവദിച്ചിരുന്ന സര്‍വ്വീസ് വെയിറ്റേജ് പൂര്‍ണ്ണമായും നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2009 ല്‍ നടപ്പിലാക്കിയ 9-ാം ശമ്പള പരിഷ്കരണത്തിലും 2014 ല്‍ നടപ്പിലാക്കിയ പത്താം ശമ്പള പരിഷ്കരണത്തിലും സേവന ദൈര്‍ഘ്യം അനുസരിച്ച് ഒരു വര്‍ഷത്തിന് അരശതമാനം എന്ന നിരക്കില്‍ പരമാവധി 15 ശതമാനം സര്‍വ്വീസ് വെയിറ്റേജ് അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം അത് പൂര്‍ണ്ണമായും ഒഴിവാക്കി. ഇതോടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 15 ശതമാനം വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ കെ.എസ്.ഇ.ബി യില്‍ ഉള്‍പ്പെടെ സര്‍വ്വീസ് വെയിറ്റേജ് അനുവദിച്ചപ്പോഴാണ് സംസ്ഥാന ജീവനക്കാര്‍ക്ക് ഇത് നിഷേധിച്ചത്. അത് മൂലം ജീവനക്കാരുടെ ശമ്പളത്തില്‍ മാത്രമല്ല പെന്‍ഷനിലും പെന്ഷന് ആനുകൂല്യങ്ങളായ കമ്മ്യൂട്ടേഷന്‍, ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍ എന്നിവയിലുള്‍പ്പെടെ വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സമയബന്ധിത ഹയര്ഗ്രേഡുകളുടെ കാര്യത്തില്‍ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. ഫിറ്റ്മെന്റ് ബെനിഫിറ്റ് കഴിഞ്ഞ തവണ ലഭിച്ച 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി വെട്ടിക്കുറച്ചു. കാലങ്ങളായി നിലനിന്നിരുന്ന അഞ്ച്വര്‍ഷ തത്വവും അട്ടിമറിക്കപ്പെട്ടു. അഞ്ച് വര്‍ഷം കൂടി നടത്തിയ ശമ്പള പരിഷ്ക്കരണത്തിലൂടെ കേവലം 10 ശതമാനം വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഇല്ലാതാക്കിക്കൊണ്ടുള്ള തികച്ചും വികലമായ രീതിയിലുള്ള ഒരു ശമ്പള പരിഷ്കരണമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കണം
സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്രമായ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നുള്ള പത്താം ശമ്പളകമ്മീഷന്റെ ശുപാര്‍ശ വര്‍ഷം ആറ് കഴിഞ്ഞിട്ടും നടപ്പില്‍ വരുത്തിയിട്ടില്ല. ഇടയ്ക്ക് മെഡിസെപ്പ് എന്ന പേരില്‍ ഒരു തട്ടികൂട്ട് പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് വന്നെങ്കിലും അതും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. ജീവനക്കാര്‍ക്ക് തുല്യമായ സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുത്തി ഒ.പി ചികിത്സയ്ക്കുള്ള കവറേജ് ഉള്‍പ്പെടെ അനുവദിക്കുന്ന തരത്തില്‍ കുറ്റമറ്റ രീതിയിലുള്ള ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അടിയന്തിരമായി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വകുപ്പുതല പ്രെമോഷന് അനുവദിക്കണം
ഇടത്- വലത് സര്‍ക്കാരുകളുടെ താല്പര്യങ്ങള്ക്ക് വേണ്ടി ജീവനക്കാരുടെ അവകാശങ്ങള്‍ അടിയറ വയ്ക്കുന്ന ഭരണവിലാസം സംഘടനകള്‍ അവരുടെ പോസ്റ്ററൊട്ടിക്കുവാനും കൊടികെട്ടാനും നേതാക്കന്മാര്ക്ക് സിന്ദാബാദ് വിളിക്കാനുമുള്ള വിഭാഗമായിട്ടാണ് നാളിതുവരെ ക്ലാസ് 4 വിഭാഗത്തില്‍ പെട്ട ജീവനക്കാരെ പരിഗണിച്ചിട്ടുള്ളത്. ക്ലാസ് 4 തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ്. മതിയായ പ്രമോഷന് ലഭിക്കാത്തതു കാരണം അതില്‍ വലിയൊരു വിഭാഗം ജീവനക്കാരും പ്രവേശന തസ്തികകളില്‍ തന്നെ റിട്ടയര്‍ ചെയ്യേണ്ട അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് 10% പ്രമോഷന് അനുവദിച്ചെങ്കിലും അത് ഒട്ടും തന്നെ പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലും ആകെയുള്ള ക്ലാര്‍ക്ക് തസ്തികയുടെ 40% അതാത് വകുപ്പിലെ താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് പ്രമോഷന് തസ്തികയായി അനുവദിക്കണമെന്ന് എന്‍.ജി. ഒ സംഘ് ആവശ്യപ്പെടുന്നു.
സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ സ്റ്റാറ്റിയൂട്ടറി ആക്കണം
അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യങ്ങള്ക്കനുസരിച്ച് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്ന പ്രവൃത്തിക്ക് ഇനിയും അവസാനമായിട്ടില്ല. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ സ്ഥലം മാറ്റം നടപ്പിലാക്കുകയുള്ളൂ എന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ സ്റ്റാറ്റിയൂട്ടറി ആകുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം. സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നാളെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ എന്‍ജിഒ സംഘ് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഈ പ്രക്ഷോഭത്തിന് എല്ലാ ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതു.
9400493072
എ. പ്രകാശ്
സംസ്ഥാന ജനറല്‍
സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: