കാബൂള്‍: മുല്ലാ മുഹമ്മദ് ഹസന് അഖുണ്ഡ് തലവനായി രൂപം കൊണ്ട താലിബാന് ഇടക്കാലഭരണകൂടം മതഭീകരരുടെ സംഘമെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന് ഭരണത്തെ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെ തലവന്മാരായി അവരോധിക്കപ്പെട്ട അഞ്ചുപേരടക്കം 14 പേരും അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ കരിമ്പട്ടികയില്‍പ്പെട്ടവരാണ്. ഉപ പ്രതിരോധമന്ത്രി മുഹമ്മദ് ഫാസില്‍, സാംസ്കാരികവകുപ്പ് മന്ത്രി ഖൈറുല്ല ഖൈര്‍ക്വ, അതിര്‍ത്തി, ഗോത്രകാര്യവകുപ്പ് മന്ത്രി മുല്ല നൂറുല്ല നൂരി, രഹസ്യാന്വേഷണവിഭാഗം തലവന്‍ മുല്ല അബ്ദുല്ല ഹഖ് വാസിഖ്, ഖോസ്ത് പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ഒമറി എന്നിവര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ 14 കൊല്ലം ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞവരാണ്.
ഇടക്കാല താലിബാന് സര്‍ക്കാരിനെ നയിക്കുന്നത് ഇവരാണ്.
ഹിബത്തുള്ള അഖുന്‍സാദ
താലിബാന് പരമോന്നത കമാന്‍ഡര്‍
2016 മേയില്‍ താലിബാന്റെ പരമോന്നത കമാന്‍ഡറായ ഹിബത്തുള്ള അഖുന്‍സാദ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിര്‍ എന്ന് അറിയപ്പെടുന്നു. 1980കളില്‍, അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് സൈനിക പ്രചാരണത്തിനെതിരായ ഇസ്ലാമിക പ്രതിരോധത്തില്‍ അദ്ദേഹം പങ്കെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ പ്രശസ്തി ഒരു സൈനിക മേധാവിയേക്കാള്‍ ഒരു മതനേതാവിന്റെ പ്രശസ്തിയാണ്. പൈശാചികമായ ശിക്ഷാക്രമങ്ങള്‍ നടപ്പാക്കിയ താലിബാന് ശരിയത്ത് കോടതിയുടെ അധിപനാണ് അഖുന്‍സാദ
മുല്ല മുഹമ്മദ് ഹസ്സന് അഖുണ്ഡ്
പ്രധാനമന്ത്രി
താലിബാന് സ്ഥാപകന്‍ മുല്ല ഒമറിന്റെ വലംകൈ. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍പ്പെട്ട ഭീകരന്. താലിബാന് തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന റഹ്ബാരി ഷൂറയുടെ മേധാവി. ബാമിയാന്‍ ബുദ്ധപ്രതിമകളുടെ അന്തകനെന്ന് അറിയപ്പെട്ടു. ആറാം നൂറ്റാണ്ടിലെ പ്രതിമകള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട കൗണ്‍സിലിന്റെ ഭാഗമായിരുന്നു അഖുണ്ഡ്. 1996 മുതല്‍ 2001 വരെ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായി. 2001ല്‍ അഫ്ഗാനില്‍ താലിബാന് തകര്‍ന്നതോടെ പാകിസ്ഥാന്റെ തണലിലായിരുന്നു അഖുണ്ഡ്.
മുല്ല അബ്ദുള്‍ ഘനി ബരദാര്‍
ഉപപ്രധാനമന്ത്രി, താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി
താലിബാന് സഹസ്ഥാപകനാണ് ബരദാര്‍. ഭീകരര്‍ക്കിടയില്‍ മിതവാദി പരിവേഷം കെട്ടിയ തീവ്രവാദി നേതാവെന്ന് വിലയിരുത്തല്‍. 2001ല്‍ താലിബാനികളെ അമേരിക്ക തുരത്തിയതിനുശേഷം നടന്ന കലാപങ്ങളുടെ സൂത്രധാരന്‍. 2010 ഫെബ്രുവരിയില്‍ തെക്കന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന യുഎസ്-പാകിസ്ഥാന് സംയുക്ത ഓപ്പറേഷനില്‍ ബരദാര്‍ പിടിക്കപ്പെട്ടു. പുറത്തിറങ്ങിയാല്‍ സമാധാനം തകര്‍ക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ഇയാളെ എട്ട് വര്‍ഷം ജയിലില്‍ പാര്‍പ്പിച്ചു. 2019 ജനുവരി മുതല്‍ ഖത്തറിലെ അവരുടെ രാഷ്ട്രീയ കാര്യാലയത്തിന്റെ തലവനായിരുന്നു ബരദാര്‍. 2020ല്‍ ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ സംസാരിച്ചതിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന ആദ്യ താലിബാന് നേതാവായി ബരദാര്‍ മാറി.
സിറാജുദ്ദീന് ഹഖാനി
ആഭ്യന്തര മന്ത്രി
അമേരിക്കയുടെ അന്വേഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) നോട്ടപ്പുള്ളി. അമേരിക്ക ഇയാളുടെ തലയ്ക്ക് ഒരു കോടി ഡോളറാണ് വിലയിട്ടത്. കൊടുംഭീകരസംഘടനയെന്ന് അമേരിക്ക വിശേഷിപ്പിച്ച സിറാജുദ്ദീന് ഹഖാനി നെറ്റ്വര്‍ക്കിന്റെ സ്ഥാപകന്റെ മകനും അതിന്റെ തലവനുമാണ്. അല്‍-ഖ്വയ്ദയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന സംഘടനയാണ് ഹഖാനി നെറ്റ്വര്‍ക്ക്.
കാബൂളിലെ ഒരു ഹോട്ടലിനുനേരെ 2008 ജനുവരിയില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് എഫ്ബിഐ ഇയാള്‍ക്കായി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2008ല്‍ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് നേരെയുള്ള വധശ്രമത്തിന്റെ ആസൂത്രകനും ഹഖാനിയാണ്.
മുല്ല മുഹമ്മദ് യാക്കൂബ്
പ്രതിരോധ മന്ത്രി
താലിബാന് സ്ഥാപകനും കാന്ധഹാര്‍ വിമാന റാഞ്ചല്‍ ആസൂത്രകനുമായ മുല്ല മുഹമ്മദ് ഒമറിന്റെ മകനാണ് മുഹമ്മദ് യാക്കൂബ്. നിലവില്‍ ഗ്രൂപ്പിന്റെ സൈനിക പ്രവര്‍ത്തനങ്ങളുടെ നേതാവ്. 2016ല്‍ മുന്‍ താലിബാന് നേതാവ് അക്തര്‍ മന്‍സൂറിന്റെ മരണത്തെത്തുടര്‍ന്ന്, ചില തീവ്രവാദികള്‍ യാക്കൂബിനെ ഗ്രൂപ്പിന്റെ പുതിയ പരമോന്നത കമാന്‍ഡറായി നിയമിക്കാന്‍ ആഗ്രഹിച്ചിരുന്നു.
ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് തീവ്രവാദികളെ മോചിപ്പിക്കാന്‍ പദ്ധതിയിട്ടുകൊണ്ടാണ് അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത്. തുടര്‍ന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, അല്‍ ഉമര്‍ മുജാഹിദ്ദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, അല്‍-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് ശൈഖ് എന്നിവരെ മോചിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായിരുന്നു.
അമീര്‍ ഖാന് മുത്തഖി,
വിദേശകാര്യ മന്ത്രി
താലിബാന് മുതിര്‍ന്ന നേതാവ്. താലിബാന്റെ ഖത്തര്‍ ഓഫീസിലെ ചര്‍ച്ചാ സംഘത്തിലെ അംഗം. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ താലിബാന് സര്‍ക്കാരിന്റെ പ്രതിനിധിയായി. ജിഹാദിന്റെ സമയത്ത് അദ്ദേഹം മൗലവി മുഹമ്മദ് നബി മുഹമ്മദിയുടെ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് താലിബാന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: