ബൃജിത്ത് കൃഷ്ണ
നിര്‍മിത ബുദ്ധി മനുഷ്യരാശിയെ ആഴത്തില്‍ ഗ്രസിക്കാനിരിക്കുകയാണ്. അത് തീ, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയേക്കാളേറെ ആഘാതമുണ്ടാക്കുമെന്ന് സാങ്കേതികവിദ്യയുടെ ഉന്നതങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള സുന്ദര്‍ പിച്ചൈ ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
സാങ്കേതിക സങ്കേതങ്ങളില്‍ ഏറ്റവും തീക്ഷ്ണമായതാവും എ ഐ അഥവാ നിര്‍മ്മിത ബുദ്ധി. മനുഷ്യന്റെ ബുദ്ധി, യന്ത്രങ്ങളില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് ഈ സാങ്കേതികതയെ വ്യത്യസ്ഥമാക്കുന്നത്. പല എ ഐ സിസ്റ്റങ്ങളും ഇപ്പോള്‍ത്തന്നെ മനുഷ്യന് അഭിമുഖീകരിക്കുന്ന പലതരം പ്രശ്നങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ മികച്ച രീതിയില്‍ പരിഹാരം കാണാനുള്ള ശേഷി ആരംഭദിശയില്‍ തന്നെ ആര്‍ജിച്ചു കഴിഞ്ഞവയാണ്. അനുഭവങ്ങളില്‍ നിന്നും, സാഹചര്യങ്ങളെ പഠിക്കുകയും അവയെ വിശകലനം ചെയ്തു വസ്തുതകള്‍ മനസ്സിലാക്കി നിര്‍ദ്ധാരണം ചെയ്ത് ഭാവിയുടെ കാര്യം തീരുമാനമെടുക്കുന്ന സങ്കേതമാണ് നിര്‍മ്മിത ബുദ്ധി. ചുരുക്കിപ്പറഞ്ഞാല്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന യന്ത്രങ്ങള്‍. നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ വളര്‍ച്ച ഉണ്ടാവുന്നതിന് ക്രമാനുഗതമായി ചില മേഖലകളില്‍ പ്രത്യേക വിഭാഗം ജോലികള്‍ തീര്‍ത്തും ഇല്ലാതാവുകയോ കുറഞ്ഞുവരികയോ ചെയ്യും മാത്രമല്ല. നിലവിലെ ജോലിയുടെ സ്വഭാവത്തെയും അവ മാറ്റും. എന്നാല്‍ മറ്റു ചിലര്‍ക്ക് അത് പുതിയ അവസരം ആയിരിക്കും.
ഐടി മേഖലയില്‍ ധാരാളം മനുഷ്യ വിഭവങ്ങള്‍ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ കേരളത്തിലെ യുവാക്കള്‍ക്ക് നിര്‍മിത ബുദ്ധി മേഖലയിലും തീര്‍ച്ചയായും ശോഭിക്കാന്‍ കഴിയും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റോബോട്ടിക്സ് എന്നീ പദങ്ങളെക്കുറിച്ച് ചെറിയ ആശയക്കുഴപ്പം തുടരുകയാണെങ്കിലും അവ സാങ്കേതികവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും രണ്ട് വ്യത്യസ്ത മേഖലകളാണ്. എന്നിരുന്നാലും, ഇവയെ സംയോജിപ്പിക്കുമ്പോള്‍ നമുക്ക് കൃത്രിമമായി ബുദ്ധിമാനായ ഒരു റോബോട്ടിനെ ലഭിക്കും, റോബോട്ടുകള്‍ക്ക് നടക്കാനും കാണാനും സംസാരിക്കാനും മണക്കാനും അതിലേറെ കാര്യങ്ങള്‍ ചെയ്യാനും പ്രാപ്തമാക്കുന്ന ശരീരമായി പ്രവര്‍ത്തിക്കുന്നു.അവിടെ നിര്‍മിത ബുദ്ധി തലച്ചോറായി പ്രവര്‍ത്തിക്കുന്നു.ആരോഗ്യമേഖല, നിര്‍മാണ മേഖല, ഭക്ഷ്യസംസ്കരണം, മാര്‍ക്കറ്റിംഗ് , ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ്, ഗതാഗതവും ടൂറിസവും (യാത്രകള്‍) തുടങ്ങിയ മേഖലകളില്‍ ആദ്യ ഘട്ടത്തില്‍ തന്നെ നിര്‍മ്മിതബുദ്ധി ആധിപത്യം നേടും. ധാരാളം ഡാറ്റകള്‍ പരിശോധിക്കേണ്ട ഏതൊരു മേഖലയിലും നിര്‍മ്മിത ബുദ്ധിയെ തടഞ്ഞുനിര്‍ത്താന്‍ സാധ്യമല്ല. കോടതി വ്യവഹാരങ്ങള്‍, റവന്യൂ, പഞ്ചായത്ത് സേവനങ്ങള്‍ എന്നിവയിലേക്ക് മനുഷ്യജീവിതം എളുപ്പമാകുന്ന വിധത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ആപ്ലിക്കേഷനുകള്‍ അനിവാര്യമായിരിക്കുകയാണ്.
ഒരു ചെറു ഉദാഹരണത്തിലൂടെ നിര്‍മിതബുദ്ധി നമ്മുടെ വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്നത് പരിശോധിക്കാം. കേരളത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ കാര്യക്ഷമമായ ഉപയോഗം ആരംഭിച്ചു കഴിഞ്ഞു. അഥവാ നേരിട്ട് ജനങ്ങളുമായി ബന്ധപ്പെടുന്ന തരത്തില്‍ ഒരുപക്ഷേ സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കപ്പെടുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിലാണ്. പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണുമായി ചേര്‍ന്നു 750ല്‍ പരം എഐ സിസ്റ്റമാണ് റോഡ് അപകടങ്ങള്‍ കുറക്കുക എന്ന ആവശ്യത്തിനായി സേഫ് കേരളയെന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വിന്യസിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക്കായി അമിത വേഗതയുള്ള വാഹനങ്ങളെ പിടികൂടി പിഴ ചെയ്യുന്ന പദ്ധതി സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തിപരിചയമാണ് ഇത് കെല്‍ട്രോണിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരിനെ പ്രരിപ്പിച്ചത്. റോഡ് സുരക്ഷയുടെ ഭാഗമായി വാഹനങ്ങളുടെ ഉടമയും െ്രെഡവറും യാത്രക്കാരനും നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടത്തുകയാണ് ലക്ഷ്യം. ഹെല്‍മെറ്റ്, ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ സവാരി, സീറ്റ് ബെല്‍റ്റ്, നിയമവിരുദ്ധമായിട്ടുള്ള വാഹനത്തിന്റെ മോടിപിടിപ്പിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങി നിരവധിയായ കുറ്റകൃത്യങ്ങള്‍ എ ഐ സിസ്റ്റം മനുഷ്യനെക്കാള്‍ കൃത്യമായി നിരന്തരം നിരീക്ഷിക്കുകയും തുടര്‍നടപടിക്കായി കണ്‍ട്രോള്‍റൂമുകളിലേക്ക് അയക്കുകയും ചെയ്യും. അതായത് നിയമപാലകരെ സ്വാധീനിച്ചുകൊണ്ടോ അധികാരം ഉപയോഗിച്ച് വിരട്ടിയോ സംവിധാനങ്ങളെ വെട്ടിച്ചോ നിയമലംഘനങ്ങള്‍ നടത്താന്‍ പോകുന്നവര്‍ക്ക് ഉള്‍പ്പെടെ പിടി വീഴാന്‍ പോവുകയാണ്.
ഹെല്‍മറ്റിന് പകരം തൊപ്പിയിട്ടാല്‍ എ ഐ സിസ്റ്റം പിടിക്കുമോ? ഇരുചക്ര വാഹനത്തിലെ മൂന്ന് യാത്രക്കാരില്‍ ഒന്ന് കുട്ടി ആണെങ്കില്‍ എങ്ങനെ ക്യാമറ മനസ്സിലാക്കും? സീറ്റ് ബെല്‍റ്റ് പകരം അത്തരത്തിലൊരു ഡിസൈനുള്ള വസ്ത്രം ധരിച്ചാല്‍ എന്ത് സംഭവിക്കും? എന്നൊക്കെയുള്ള നിരവധിയായ സാമാന്യ സംശയങ്ങള്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകും അവിടെയാണ് നിര്‍മ്മിത ബുദ്ധി മനുഷ്യനെക്കാള്‍ കൂടുതല്‍ നന്നായി ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കോവിഡിന് മുന്‍പും കോവിഡ് കാലഘട്ടത്തിലും സംസ്ഥാനത്തും രാജ്യത്തും ലോകത്ത് പലഭാഗത്തും നടപ്പാക്കിയിട്ടുള്ള ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ വാഹനങ്ങളുടെ തരംതിരിവ് കാര്യക്ഷമമായി നടപ്പിലാക്കാന്‍ എഐ സംവിധാനങ്ങള്‍ക്ക് പറ്റും. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുവാന്‍ വേണ്ടിയാണ് പിഴ നടപ്പിലാക്കുന്നത് എങ്കിലും കുറ്റകൃത്യങ്ങള്‍ വഴിയുണ്ടാകുന്ന പിഴ ഒരു തരത്തില്‍ നമ്മുടെ സംസ്ഥാനത്തിന് മുഖ്യ വരുമാനമാര്‍ഗ്ഗമാണ്.
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് പിഴ ചുമത്തുന്ന ക്യാമറകള്‍ വരുന്നതോടുകൂടി പ്രതിദിനം 75000 ഉദ്യോഗമണിക്കൂറില് നടത്തുന്ന വാഹന പരിശോധനയുടെ ഫലം 750 ക്യാമറവഴി ഒരു ദിവസം ലഭിക്കും. അതായത് ഇപ്പോള്‍ റോഡിലിറങ്ങി നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥരെ അവരുടെ ജോലിയില്‍ നിന്നും പുനര്‍വിന്യസിക്കാം. മറ്റു ചിലര്‍ക്ക് ജോലി നഷ്ടപ്പെടുന്നതായ സാഹചര്യം സ്വാഭാവികമായി വരും. വാഹന നിയമലംഘനങ്ങള്‍ എന്‍ഫോഴ്സ് ചെയ്യാനായി നിലവില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഇപ്പോഴത്തെ പല സംവിധാനങ്ങളും നമുക്ക് പൊളിച്ചെഴുതേണ്ടി വരും. ഫലമോ കൂടുതല്‍ അച്ചടക്കവും സുരക്ഷിതവുമുള്ള റോഡ് യാത്രകള്‍, അഴിമതിരഹിതവും പക്ഷപാതരഹിതവും താരതമ്യേന ചെലവ് കുറഞ്ഞ രീതിയിലും സുതാര്യമായി സര്‍ക്കാറിന് ലക്ഷ്യം നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നതാണ്.
ഡോക്ടര്‍മാര്‍, െ്രെഡവര്‍മാര്‍, എന്‍ജിനിയറിങ്ങ് ടെക്നീഷ്യന്മാര്, അധ്യാപകര്‍, കോടതികള്‍, വിവിധ തരം അനുമതികള്‍ തുടങ്ങി നമ്മുടെ ഏറ്റവും സങ്കീര്‍ണ്ണമായിട്ടുള്ള വില്ലേജ് ഓഫീസിലും മറ്റു അനുബന്ധ റവന്യൂ സേവനങ്ങള്‍ ഇങ്ങനെ സമസ്ത മേഖലകളിലും നിര്‍മിതബുദ്ധി കടന്നുവരാന്‍ പോകുന്നു. എന്തിനേറെ മനുഷ്യസ്പര്‍ശം നിര്‍ബന്ധമെന്ന് കരുതിയ കലാമേഖലയില്‍ പോലും നിര്‍മിത ബുദ്ധി ഉദയം ചെയ്തു. ഇപ്പോള്‍ കാര്‍ട്ടൂണിലും സംഗീതത്തിലും മാത്രമാണെങ്കിലും നിര്‍മിത ബുദ്ധിയില്‍ കാളിദാസന്റെയും ടാഗോറിന്റെയും പുതിയ എഐ കൃതികള്‍ പിറക്കുവാന്‍ ഇടയുണ്ട്.ജീവിതത്തിന്റെ നാനാതുറകളിലും നിര്‍മ്മിത ബുദ്ധിയുടെ യുടെ കാര്യക്ഷമമായ ഉപയോഗം നടപ്പിലാക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് കാര്‍ഷികമേഖല, ഭക്ഷ്യസംസ്ക്കരണ, ടൂറിസം മേഖലകള്‍, ആരോഗ്യമേഖല തുടങ്ങിയ ഉല്പാദന പരമായി നിര്‍വഹണമാണ് നമ്മള് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്.ജിഎസ്ടി യും മദ്യവും ലോട്ടറിയും ചിട്ടിയും പോലെതന്നെയാണ് കേരളത്തിന് പിഴ നിര്‍വ്വഹണവും സംസ്ഥാനത്തിന്റെ വരുമാനത്തിന് ആണിക്കല്ലില്‍ ഒന്നാണ് പിഴ വരുമാനങ്ങള്‍. കോവിഡാനന്തര കേരളത്തില്‍ നിര്‍മിത ബുദ്ധിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സ്കോട്ലാന്ഡ് യാര്‍ഡിന്റെ നിലവാരത്തിലുള്ള എന്‍ഫോഴ്സ്മന്റ് വിഭാഗം മാത്രം ഉണ്ടായിട്ട് കാര്യമില്ല.ഉത്പാദനനിലവാരത്തില് നമ്മുടെ മത്സരം സോമാലിയയോടാണ്. സംസ്ഥാനത്തിന്റെ ഉത്പാദന നിലവാരം ഉയര്‍ത്താന്‍ കൂടിയാവണം നിര്‍മിത ബുദ്ധിയുടെ ഉപയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: