ജേക്കബ് ജോസ്
കഴിഞ്ഞ രണ്ട് ദശകങ്ങളായി കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദന മേഖല സ്തംഭിച്ചു നില്‍ക്കുകയാണ്. ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനശേഷി അതിനനുസൃതമായി കൂടുന്നില്ല. ഇപ്പോള്‍ ശരാശരി പ്രതിദിന ഉപഭോഗമായി 75 മില്യണ്‍ യൂണിറ്റ് കറന്റില്, ചുരുങ്ങിയത് 60 മില്യണ്‍യൂണിറ്റും പുറമേ നിന്ന് വാങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി ഇതിനുവേണ്ടി ചെലവഴിച്ച തുക 8680 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് പട്ടിക രൂപത്തില്‍ കൊടുക്കുന്നു.
കേരളത്തിലെ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ രണ്ടു മാര്‍ഗങ്ങള്‍ അവശേഷിക്കുന്നത്, ചെറുകിട ജലവൈദ്യുത പദ്ധതികളും, പുരപ്പറ സൗരോര്‍ജ്ജ പാനലുകളും 163 മെഗാവാട്ടിന്റെ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പോലുള്ള വന്‍കിടജലവൈദ്യുത പദ്ധതികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം വലുതാണ്. എന്നാല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് അണക്കെട്ടോ, ജലസംഭരണമോ ആവശ്യമില്ല. അതു കൊണ്ട് അവ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുമില്ല.
ഇതുവരെയുള്ള സ്ഥിതി വിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ 785 മെഗാവാട്ട് ശേഷിയുള്ള 104 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ മുടങ്ങിക്കിടക്കുകയോ, ഇഴഞ്ഞു നീങ്ങുകയോ ആണ്. അതില്‍ ഏകദേശം 185 മെഗാവാട്ട് ശേഷിയുള്ള ആറ് പദ്ധതികള്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് വേഗത്തില്‍ നടക്കുന്നുണ്ട് ബാക്കിയുള്ള പദ്ധതികളുടെ ശേഷി 600 മെഗാ വാട്ടാണ്. ഈ പദ്ധതികള്‍ ഇന്‍വെസ്റ്റിഗേഷന്‍,ലാന്‍ഡ് അക്വിസിഷന്‍, ടെണ്ടറിങ്, എക്സിക്യൂഷന് എന്നീ വിവധ ഘട്ടങ്ങളില്‍ മരവിച്ചു നില്‍ക്കുകയാണ് മുന്‍ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, മൂന്നു മെഗാവാട്ടിന്റെ മുകളിലുള്ള പദ്ധതികളാണ് ലാഭകരമായി നടപ്പിലാക്കാന്‍ സാധിക്കുന്നത്.
ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് അനേക വര്‍ഷങ്ങളായി നല്ല നിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളാണ് പതങ്കയവും (8 മെഗാവാട്ടു),വിയ്യാറ്റും (3 മെഗാവാട്ട്). കഴിഞ്ഞ ആഴ്ച ഉല്‍പ്പാദനമാരംഭിച്ച ആനക്കാംപൊയില്‍ പവര്‍ ഹൗസിന് 8 മെഗാവാട്ട് ശേഷിയുണ്ട്. കോഴിക്കോട്ടുകാരായസംരംഭകര് 77 കോടി രൂപ ചെലവില്‍ , വെറും രണ്ടരവര്‍ഷം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
കേരളത്തിലെ സംരംഭകര്‍ക്ക് യോജിച്ച രീതിയില്‍ നടപ്പാക്കാവുന്ന 3 മെഗാവാട്ടിനും 10 മെഗാവാട്ടിനും ഇടയില്‍ ശേഷിയുള്ള 44 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ലിസ്റ്റാണ് ഈ ലേഖനത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ഇവയുടെ മൊത്തം സ്ഥാപിത ശേഷി 211 മെഗാവാട്ടാണ്. ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ആനക്കാംപൊയിലിന്റെ ബജറ്റ് അടിസ്ഥാനപ്പെടുത്തി, ഇവയുടെ മൊത്തം നിക്ഷേപ സാധ്യത, (211 ഃ 77) /8= 2030 കോടി രൂപയാണ്. എങ്കിലും ഏതു പദ്ധതിയുടെയും പ്രാരംഭ ചെലവുകള്‍ അല്ലെങ്കില്‍ അടിസ്ഥാന ചെലവുകള്‍ കൂടി പരിഗണിച്ചാല്‍ ഈ തുക 2500 കോടി എന്ന് കണക്കാക്കണം.
പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ സൂചിപ്പിച്ച 44 പദ്ധതികള്‍ക്ക് ഭരണാനുമതി നല്കുകയാണെങ്കില് 2025 നുള്ളില്‍ ചുരുങ്ങിയത് 300 മെഗാവാട്ട് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാം.
സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, ജില്ലാ പഞ്ചായത്തുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, ഇത്തരം പദ്ധതികള്‍ ഏല്‍പ്പിച്ചുകൊടുക്കാം. കെ.എസ്.ഇ.ബി ഈയിടെ മുമ്പോട്ടു വെച്ച പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് യൂണിറ്റിന് 6.81 രൂപയാണെന്നതും ശ്രദ്ധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: