സി.ജി. ഗോപകുമാര്‍
അമൃതാദേവി ബലിദാനദിനമായ ഇന്ന് ബിഎംഎസ് ദേശീയ പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുകയാണ്. രാജസ്ഥാനിലെ ജോധ്പൂരില്‍ 291 വര്‍ഷം മുമ്പാണ് പ്രകൃതി സംരക്ഷണത്തിനായി അമൃതാദേവി ബലിദാനിയായത്. ഉത്തരാഞ്ചലില്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ നടന്ന ചിപ്കോ പ്രക്ഷോഭത്തിനടക്കം പ്രേരണ അമൃതാദേവിയുടെ ബലിദാനമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി അമൃതാദേവി ബലിദാനം ചെയ്ത സ്ഥലത്ത് സ്മൃതിമണ്ഡപം പണിയുകയും എല്ലാവര്‍ഷവും ബലിദാന ദിനത്തില്‍ ഗ്രാമീണര്‍ ഒത്തുകൂടുകയും ചെയ്യുന്നു.
രാജസ്ഥാനില്‍ നിന്നു മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് ജനങ്ങള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിന് ഇവിടെ എത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് ‘അമൃതാദേവി’ പുരസ്കാരവും ഇതോടനുബന്ധിച്ച് നല്കുന്നു. ജയ്പൂരില്‍ രാജസ്ഥാന് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ 35 ഹെക്ടര്‍ സ്ഥലത്ത് ‘അമൃതാദേവി വൃക്ഷ ഉദ്യാനം’ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണം ഇന്ന് ഏറെ പ്രാധാന്യമുള്ള വിഷയമാണ്. വനനശീകരണംമൂലം ഓസോണ്‍ കവചത്തിനുണ്ടായ വിള്ളല്‍ ആഗോള താപനത്തിനും തന്മൂലം വന്‍തോതിലുള്ള മഞ്ഞുരുകലിനും ഇടയാക്കുന്നു. നിരവധി തണ്ണീര്‍ത്തടങ്ങള്‍ നശിച്ചു. കാടുകള്‍ മുതല്‍ കൃഷിസ്ഥലങ്ങള്‍ വരെ കോടിക്കണക്കിനു ഹെക്ടര്‍ സ്ഥലങ്ങള്‍ നശിച്ചു കഴിഞ്ഞു. ആരോഗ്യകരമായ ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുവാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയുവാനും കഴിയൂ. ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പട്ടതാണ് ഈ പ്രകൃതി. പ്രാണവായുവും കുടിവെള്ളവും അനുയോഗ്യമായ കാലാവസ്ഥയും പ്രകൃതിയുടെ വരദാനമാണ്. ഇവയെ സംരക്ഷിക്കുന്നതിനാകണം ഓരോ പരിസ്ഥിതി ദിനാചരണവും.
മനുഷ്യന്റെ നിലനില്‍പ്പിന് ആധാരം പ്രകൃതിയാണ്. പ്രാണവായുവും കുടിവെള്ളവും കൃഷിചെയ്യാനുള്ള വളക്കൂറുള്ള മണ്ണുമുണ്ടെങ്കില്‍ മനുഷ്യജീവിതം അതിസുന്ദരമാകും. എന്നാല്‍ പ്രകൃതിയെ മറന്നുകൊണ്ടുള്ള ആധുനിക കാലത്തെ കൃത്രിമ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നല്കിക്കൊണ്ടിരിക്കുന്നു.പ്രകൃതിയെ പരിഗണിക്കാതെ മനുഷ്യന്റെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മാത്രമാണ് ഇന്ന് നാം പരിഗണന നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ‘അമൃതാദേവിബലിദാനം’ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഈ ഭൂമി വരുംതലമുറകളുടെകൂടി അവകാശമാണെന്നും അവര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതിയെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്യാനും അതില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ നടപ്പാക്കാനുമാണ് രാജ്യത്ത് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. ഇതിന് നിരവധി പ്രവര്‍ത്തന പദ്ധതികള്‍ കേന്ദ്രഗവണ്മെന്റ് തുടങ്ങിക്കഴിഞ്ഞു. ആഗോളതാപനം, സമുദ്രങ്ങളുടേയും, വന്‍നദികളുടെ മലിനീകരണവും, കൈയ്യേറ്റങ്ങളും, വര്‍ധിച്ചുവരുന്ന ജനസംഖ്യ, വന്യജീവികളുടെ സംരക്ഷണം, സുസ്ഥിര ഉപഭോഗം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഈ ദിനത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കണം. ‘നമ്മള് ലോകത്തിലെ വനങ്ങളോട് ചെയ്യുന്നത് നമ്മോടും പരസ്പരം ചെയ്യുന്നതിന്റെ പ്രതിഫലനമാണ്’ എന്ന മഹാത്മജിയുടെ വാക്കുകള്‍ ഇന്നും അര്‍ത്ഥവത്താണ്. അപൂര്‍വ്വമായ ജൈവസമ്പത്ത്, അമൂല്യമായ സംസ്കാരം ഇവ കൈമുതലായുള്ള ഭാരതത്തിന് അതിന്റെ തനിമയിലൂന്നിയ പരിസ്ഥിതി ദിനമായി ഭാരതീയ മസ്ദൂര്‍സംഘം ആഗസ്റ്റ് 28 എല്ലാവര്‍ഷവും ആചരിക്കുന്നു. വൃക്ഷങ്ങളുടെ രക്ഷക്കായി പടപൊരുതിയ ധീര വനിതയായ അമൃതാദേവിയുടെ ബലിദാനം കോടിക്കണക്കിന് ഭാരതീയ മസ്ദൂര്‍സംഘത്തിന്റെ തൊഴിലാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.
ഭാരതമണ്ണിനേയും,സമ്പത്തിനേയും,ഭൂപ്രകൃതിയേയും,സംസ്ക്കാരത്തേയും സംരക്ഷിക്കുമെന്നും, പ്രകൃതി ചൂഷണത്തിനെതിരായിട്ടുള്ള പോരാട്ടം തുടരുമെന്നുള്ള പ്രതിജ്ഞയാണ് ഇന്ന് ലക്ഷക്കണക്കിന് ബിഎംഎസ് യൂണിറ്റുകളില്‍ ഈ ദിനാചരണത്തോടുകൂടി നടക്കുന്നത്.
പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവത്യാഗം
1730 ആഗസ്റ്റ് 28ന് ജോധ്പൂരിന് സമീപമുള്ള ഖേജഡലി എന്ന ഗ്രാമത്തിലാണ് സംഭവം. ജോധ്പൂരിന്റെ താല്കാലിക ഭരണാധികാരിയായിരുന്ന അജിത്സിംഗ് തന്റെ കൊട്ടാരങ്ങള്‍ പണിയുന്നതിനു തടി ശേഖരിക്കാനായി തന്റെ സേവകരെ ഖേജഡലി ഗ്രാമത്തിലേക്ക് അയച്ചു. അവിടെ സമ്പുഷ്ടമായി പടര്‍ന്ന് പന്തലിച്ചു നിന്നിരുന്ന ഖേജഡി വൃക്ഷങ്ങള്‍ സേവകര്‍ കണ്ടെത്തുകയും അത് രാജാവിനെ അറിയിക്കുകയും ചെയ്തു. രാജകല്പനയനുസരിച്ച് വൃക്ഷങ്ങള്‍ വെട്ടാനെത്തിയ രാജ്യസേവകരെ ഗ്രാമവാസികള്‍ പ്രതിരോധിച്ചു. ഈ വൃക്ഷങ്ങളുടെ പ്രത്യേകത ഭടന്മാരെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ചെറുത്തുനിന്ന ഗ്രാമവാസികളെ ബലം പ്രയോഗിച്ച് നീക്കാന്‍ ദിവാന് ഉത്തരവ് നല്കി. ഗ്രാമീണ കര്‍ഷകരേയും സ്ത്രീകളേയും കുട്ടികളെയും സംഘടിപ്പിച്ച് ശ്രീ രാമോ വിഷ്ണോയിയുടെ ധര്‍മ്മ പത്നി അമൃതാദേവിയുടെ നേതൃത്വത്തില്‍ ഗ്രാമീണര്‍ ദിവാന്റെ ആജ്ഞ ലംഘിച്ച് ഖേജഡി വൃക്ഷങ്ങളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നു. വൃക്ഷങ്ങളെ കെട്ടി പുണര്‍ന്ന് സംരക്ഷണ കവചം ഒരുക്കിയ അമൃതാദേവിയെ വെട്ടിനുറുക്കുകയാണ് സൈനികര്‍ ചെയ്തത്. അമൃതാദേവി മാത്രമല്ല രണ്ടു പുത്രിമാരും ഇതില്‍ വീരമൃത്യു വരിച്ചു.
നൂറുകണക്കിന് ഗ്രാമീണരെ സൈന്യം കൊലചെയ്തു. 69 വീരവനിതകളടക്കം 363 ഗ്രാമീണരുടെ ശിരസ്സുകളാണ് അറ്റുവീണത്്. 8 ദിവസത്തോളം നീണ്ടുനിന്ന ചെറുത്തുനില്‍പ്പ്. ഏഴാംദിനത്തില്‍ നവദമ്പതിമാര്‍ സമരമുഖത്തുവന്നു ജീവത്യാഗം ചെയ്തു. നടുക്കുന്ന ഈ വാര്‍ത്തകള്‍ രാജാവിന്റെ ചെവിയിലുമെത്തി. ക്രൂരതകള്‍ ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നു.
രാജാവ് ഖേജഡലി ഗ്രാമത്തില്‍ എത്തി ഗ്രാമീണരോട് അദ്ദേഹം ക്ഷമായാചനം ചെയ്തു. മേലില്‍ ആ പ്രദേശത്തെ ഒരു വൃക്ഷവും മുറിക്കരുതെന്നും ജീവജാലങ്ങളെ ഹിംസിക്കരുതെന്നും ഇതു ലംഘിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ വിധിക്കുമെന്നും ഉത്തരവിറക്കി. ഇന്നും ഗ്രാമീണര്‍ ആ രാജകല്പന അതേപടി പാലിക്കുന്നു. അപൂര്‍വ്വമായ വന്‍ വൃക്ഷങ്ങള്‍ മാത്രമല്ല വംശനാശംസംഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകതരം കറുത്ത ഇനം മാനുകളും ഇവിടെ ധാരാളമുണ്ട്. ഇത്തരം മാനുകളെ വേട്ടയാടിയതിനാണ് സിനിമാനടന് സല്‍മാന്‍ഖാനെ കോടതി ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: