കൊളംബോ: ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെര്‍ണാണ്ടോ വാര്‍ത്താസമ്മേളനം നടത്തിയത് തെങ്ങിന് മുകളിലിരുന്ന്. രാജ്യം നേരിടുന്ന നാളികേര ദൗര്‍ലഭ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനായിരുന്നു മന്ത്രിയുടെ സാഹസം. ദൻകോട്ടുവയിലെ തന്റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രി മാധ്യമപ്രവർത്തകരെ വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്.
മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞു കയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം. രാജ്യം വലിയ രീതിയില്‍ നാളികേര ക്ഷാമം അനുഭവിക്കുകയാണ്. അതിനാല്‍ ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങുകള്‍ വെച്ചുപിടിച്ച് നാളികേര കൃഷിക്കായി വിനിയോഗിക്കണമെന്നും അതുവഴി രാജ്യത്തിന് നാളികേര കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിക്കൊടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്താകമാനം നാളികേര ഉൽപ്പന്നങ്ങൾക്ക് ആവശ്യകത കൂടിയതോടെ നാളികേരത്തിന്റെ വില ഉയർന്നുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെങ്ങുകയറ്റ തൊഴിലാളികൾക്ക് തെങ്ങ് ഒന്നിന് 100 രൂപ വച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാര്‍ഷിക വിളകളുടെ ഉല്പാദനവും വ്യാവസായിക ഉല്പന്നങ്ങളുടെ നിര്‍മാണവും കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അരുന്ദിക ഫെര്‍ണാണ്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: