മലപ്പുറം: എടപ്പാളില്‍ കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നവജാത ശിശുക്കളടക്കം ഇരുപതിനായിരത്തോളം പേര്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ തയ്യാറാക്കിയ പട്ടികയില്‍ മാത്രമുള്ള കണക്കാണിത്. ശിശുരോഗ വിദഗ്ധനായ വട്ടംകുളം ശുകപുരം സ്വദേശിയെ കാണാന്‍ ഒപിയിലെത്തിയത് രോഗികളും ബന്ധുക്കളുമടക്കം 10000 പേരും ഐപിയിലെത്തിയത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്.
ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ജൂണ്‍ അഞ്ചിന് ശേഷം ഇവരെ കണ്ടവരുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കളും ഉണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനമെന്ന് മലപ്പുറം ഡിഎംഒ കെ.സക്കീന അറിയിച്ചു. പരിശോധനാ കിറ്റ് ലഭ്യമാകുന്നതിനനുസരിച്ച് പരിശോധന വേഗത്തിലാക്കുമെന്നും ഡിഎംഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: