നിതാന്തമായ ജാഗ്രത,സ്വന്തം മാനസിക വൃത്തികളെ സാക്ഷിഭാവത്തില്‍ വീക്ഷിക്കുക, വിവേചനം, ഈശ്വരാര്‍പ്പിതമായ ഹൃദയത്തില്‍നിന്നും എല്ലാ വികാരങ്ങളേയും വിഷലിപ്തമായ ചിന്തകളേയും ഉന്മൂലനാശനം ചെയ്യാനുള്ള അവിരാമമായ പരിശ്രമം ഇവയാണ് മനസ്സു ശദ്ധീകരിക്കാനുള്ള പരിശീലനവും ശിക്ഷണവും.
വിചാരാത്മകമായ മാനസസരസ്സില്‍ ഏതുനിമിഷവും വിലീനമായ (മലിന) വാസന സുശക്തമായ തിരമാലയായി കുതിച്ചുയര്ന്നെന്നു വരാം. അതുകൊണ്ട് ആന്തരികമായ ജാഗരൂകതയ്ക്കു വിഘ്നമോ, വിരാമമോ അനുവദിക്കരുത്.
ഈശ്വരകൃപയില്ലാതെ ആര്‍ക്കും മായയുടെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനാവില്ല. തപശ്ചര്യ കൊണ്ടുമാത്രം മായയില്നിന്നും രക്ഷപ്പെടാമെന്നു കരുതരുത്. അതിനു ഒരുവന് അഭയം കണ്ടെത്തേണ്ടത് ഈശ്വര കാരുണ്യത്തിലാണ്. വാസനകളുടെ അലകള്‍ അപ്രതിരോദ്ധ്യമായി അനുഭവപ്പെടുമ്പോള്‍ തത്വചിന്തയോ വേദാഭിമുഖ്യമോ സഹായകരമായി തീര്‍ന്നെന്നു വരില്ല. മഹാമായയുടെ കൃപാകടാക്ഷം സഹായത്തിനെത്തണം. ആ സര്‍വേശ്വരിയുടെ പാദാരവിന്ദങ്ങളെ മുറുകെ പിടിക്കുക. പ്രാര്‍ത്ഥിക്കുക. ശരണാഗതി അടയുക. വിശുദ്ധിക്കുള്ള നിങ്ങളുടെ അഭിനിവേശം ആത്മാര്‍ത്ഥമാണെങ്കില്‍, നിങ്ങളുടെ പ്രാര്‍ത്ഥന ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയരുന്നതാണെങ്കില്‍ ആ കരുണാമൂര്ത്തിയില്നിന്നും പ്രതികരണം തല്‍ക്ഷണംതന്നെ അനുഭവമാകും. അവിടുന്ന് നിങ്ങളുടെ ഹൃദയത്തില്‍തന്നെ അധിവസിക്കുന്നു. ആ ഹൃദയേശ്വരി നിങ്ങളുടെ രക്ഷയ്ക്കു വന്നു ചേരും. വിവേകാത്മകമായ അന്തര്‍ദര്‍ശനമായി ദേവി ആവിര്‍ഭവിച്ച് പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും മഹൂര്‍ത്തത്തില്‍ നിങ്ങളെ സംരക്ഷിക്കും. മാനസികവും സാന്മാര്ഗികവും ആദ്ധ്യാത്മികവുമായ സകല ശക്തികളും ആ സര്വേശ്വരിയില്നിന്നും പ്രസരിക്കുന്ന കിരണങ്ങളാണ്.
ഈശ്വരകാരുണ്യംകൊണ്ട് നേടി, വിവേകശക്തികൊണ്ട് വാസനാവൃത്തികളെ കണ്ടെത്തുകയും, അവയെ ഒറ്റപ്പെടുത്തുകയും, നിയന്ത്രിക്കുകയും, തിരസ്കരിക്കകയും ചെയ്യുന്നതോടെ വാസനാശക്തി അനുക്രമം മന്ദീഭവിക്കും. അവസാനം വാസനകള്‍ക്കു നിങ്ങളുടെ മേലുള്ള സ്വാധീനം ഇല്ലാതാകും. അവ ബലഹീനങ്ങളായി തീരും. നിങ്ങളുടെ മോഹങ്ങള്‍ക്കും, ലൗകികാസക്തികള്ക്കും കൂടുതല്‍ കൂടുതല്‍ സംതൃപ്തി വരുത്തിക്കൊണ്ടിരുന്നാല്‍, (മലിനമായ)വാസനകള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും. ഇതാണ് നിയമം.
സമ്പാ: കെ.എന്‍.കെ.നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: