കൊല്ലം: ആരാധനാലയങ്ങളെ വ്യാപാരകേന്ദ്രങ്ങളാക്കാനുള്ള ഇടതു നീക്കം വീണ്ടും ശക്തം. അമ്പലപ്പറമ്പുകളിലെ കപ്പകൃഷിക്കു പിന്നാലെ ക്ഷേത്രക്കുളങ്ങളില് മത്സ്യകൃഷിയും തുടങ്ങുന്നു. മീനൂട്ട് നടത്തിയും മറ്റും പല ക്ഷേത്രങ്ങളിലും മത്സ്യങ്ങളെ പരിപാലിക്കുമ്പോഴാണ്, അമ്പലങ്ങളിലെ തീര്‍ഥങ്ങളില്‍, മത്സ്യങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള നീക്കം.
തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയില്‍ തോന്നുന്നത് ചെയ്യുമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ദേവഹരിതമെന്ന പേരില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാന്‍ തുടങ്ങിയ പരിശ്രമങ്ങള്‍ ക്ഷേത്രോപദേശക സമിതികള്‍ പിരിച്ചുവിടാനുള്ള ആലോചനയിലാണ് എത്തിനില്‍ക്കുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ മറവില്‍ ആരംഭിച്ച ദേവഹരിതത്തിനെതിരെ ഹിന്ദുസംഘടനകള്‍ കോടതിയെ സമീപിച്ചതോടെ സുഭിക്ഷ കേരളം പദ്ധതിയുടെ മറവില്‍ ക്ഷേത്രഭൂമി കൈയടക്കാനാണ് നീക്കം.
കൊല്ലം ജില്ലയിലെ വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന്റെ ആറാട്ടുചിറയില്‍ മത്സ്യക്കൃഷി തുടങ്ങാനുള്ള നീക്കം ഇതിനകം വലിയ പ്രതിഷേധത്തിന് കാരണമായി. മത്സ്യക്കൃഷിക്ക് ചിറ ഏറ്റെടുക്കുന്നതും സുഭിക്ഷം പദ്ധതിയുടെ പേരിലാണ്. ഇതിനായി ആറാട്ടുകുളത്തിലേക്ക് ഭക്തജനപ്രവേശം വിലക്കി ചിറ വലയിട്ട് മൂടും. പിന്നീട് മത്സ്യക്കൃഷി നടത്തും. കുളം നവീകരണമെന്ന പേരില്‍ ഇതിനകം ലക്ഷങ്ങളാണ് അധികൃതര്‍ ചെലവിട്ടതെന്നാണ് സൂചന.
സാധാരണ ക്ഷേത്രച്ചിറകളില് വളര്‍ത്തുന്ന മത്സ്യങ്ങളെ ഭഗവാന്റെ തിരുമക്കള്‍ എന്ന സങ്കല്‍പ്പത്തിലാണ് കാണുന്നത്. അവയെ തൊടാനോ പിടിക്കാനോ ആര്‍ക്കും അവകാശമില്ല. തിരുമക്കള്‍ക്ക് തീറ്റ കൊടുക്കുന്നത് ഭക്തിയുടെ ഭാഗമായാണ് കണ്ടുവരുന്നത്. ആ സ്ഥാനത്താണ് മത്സ്യക്കൃഷി നടത്താന്‍ ആറാട്ടുചിറ തന്നെ ഏറ്റെടുക്കാനുള്ള നീക്കം.
ദേവഹരിതമെന്ന പേരില്‍ ദേവസ്വം ബോര്‍ഡ് ഇതിനകം പല അമ്പലപ്പറമ്പുകളിലും കപ്പയും വാഴയും അടക്കമുള്ളവ കൃഷിചെയ്തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ക്ഷേത്രഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക് തിരുവനന്തപുരം ആറ്റിപ്ര തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രമൈതാനം കരനെല്‍കൃഷിക്കായി ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ചെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് കൃഷിയിറക്കാനായില്ല. ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കള്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്നാണ് ദേവസ്വം ബോര്‍ഡ് ഭക്തരെ ധരിപ്പിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മൂവായിരത്തില്പരം ഏക്കര്‍ ഭൂമിയില്‍ തെങ്ങ്, വാഴ, നെല്ല്, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്യാനായിരുന്നു പദ്ധതി.
നേരത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ച വിളക്കുകളും നേര്ച്ചസാധനങ്ങളും ലേലം ചെയ്ത് വില്‍ക്കാനെന്ന പേരില്‍ ക്ഷേത്രോപദേശക സമിതികളെപ്പോലും അറിയിക്കാതെ കടത്താന്‍ പരിശ്രമം നടന്നിരുന്നു. സപ്താഹത്തിനും മറ്റുമായി നാട്ടുകാര്‍ വാങ്ങിയ വിളക്കുകളുള്പ്പെടെയാണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
അതിനിടെയാണ് ഇനി ക്ഷേത്രോപദേശക സമിതികള്‍ വേണ്ടെന്ന തരത്തിലുള്ള ആലോചനകള്‍ ദേവസ്വം ബോര്‍ഡ് തലത്തില്‍ ശക്തമാകുന്നത്. ഇത് നടപ്പായാല്‍ ക്ഷേത്രങ്ങളുടെ ഉത്സവം തുടങ്ങി എല്ലാ പരിപാടികളുടേയും നടത്തിപ്പില്‍ നിന്ന് ഭക്തര്‍ പൂര്‍ണമായി ഒഴിവാക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: