ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മനപ്പൂര്‍വം ക്ഷണിച്ചില്ലെന്ന പരാതിയുമായി ആം ആദ്മി പാര്‍ട്ടി. ആദ്യം പേരുകള്‍ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നെന്നും എഎപി ആരോപിച്ചു. യുഎസ് പ്രസിഡന്റ് ട്രംപിന്റെയും കുടുംബത്തിന്റെയും ഇന്ത്യാ സന്ദര്‍ശനത്തിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് മെലാനിയ ഹാപ്പിനസ് ക്ലാസ്സില്‍ അതിഥിയായെത്തുന്നത്. സ്കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറക്കുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് ഹാപ്പിനസ് കരിക്കുലം. വിനോദ പരിപാടികള്‍, ധ്യാനം, മത്സരങ്ങള്‍ തുടങ്ങിയവയാണ് ഇതിലെ സവിശേഷതകള്‍. ഇവിടെ ഒരു മണിക്കൂറോളം മെലാനിയ ചെലവിടും. കുട്ടികളുമായി സംവദിക്കും.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ നിരന്തരം പരിഹസിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സും തങ്ങളെ ചര്‍ച്ചക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തി. എന്നാല്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നില്‍ പ്രതിനിധി പങ്കെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. നരേന്ദ്ര മോദിക്ക് ലോകനേതാക്കളുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ 10 ജന്‍പഥ് അനുവദിച്ചിരുന്നില്ലെന്നും സോണിയാ കുടുംബത്തെ ലക്ഷ്യമിട്ട് ബിജെപി വക്താവ് സമ്പിത് പാത്ര ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ യശസ്സ് ലോകം മുഴുവന്‍ ഉയരുമ്പോള്‍ എന്തിനാണ് കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നത്. നേട്ടങ്ങളില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടത്, അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: