തിരുവനന്തപുരം: മതങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറഞ്ഞെന്നും മതത്തിനുള്ളിലെ ഭിന്ന ആശയക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. ഭാരതീയ ദര്‍ശനങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ജീവിതരീതിയില്‍നിന്ന് വ്യതിചലിച്ചതാണ് സമൂഹം ഇന്ന് നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമര്‍പ്പണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹംപറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ ദര്‍ശനം. എല്ലാ ആശയങ്ങള്‍ക്കും അതില്‍ ഇടമുണ്ട്. ഏറ്റുമുട്ടലിന്റെ പാതയല്ല, സമന്വയത്തിന്റെ പാതയാണ് ഭാരതീയ ദര്‍ശനങ്ങള്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാരതീയ ആചാര്യന്മാര് മുന്നോട്ടുവച്ച മിതത്വത്തിലൂന്നിയ മനോഭാവമാണ് ഇന്ന് ലോകത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യം. പ്രകൃതി വിഭവങ്ങള്‍ എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം നമുക്കുണ്ടാകണം.
വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഈ അറിവുകളാണ് കരുണാകര ഗുരുവും പകര്‍ന്നുതന്നത്. ഭാരത ഗുരുപരമ്പരയില്‍പ്പെട്ട ശ്രേഷ്ഠനാണ് നവജ്യോതി ശ്രീകരുണാകര ഗുരു. ഒന്നുപോലും എനിക്കുള്ളതല്ല എന്ന ഭാരതീയ ദര്‍ശനത്തിന്റെ സത്ത ഉള്‍ക്കൊണ്ടുള്ള ശാന്തികുടീരമാണ് ശാന്തിഗിരി. മനുഷ്യരെ നേര്‍വഴി നയിക്കുന്ന മഹത്തായ ദര്‍ശനമാണ് ശാന്തിഗിരിയുടേതെന്നും മുരളീധരന് പറഞ്ഞു.
അടൂര്‍ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തി. തെലങ്കാന മന്ത്രി വി. ശ്രീനിവാസ് ഗൗഡ് ഗാരു മുഖ്യാതിഥിയായിരുന്നു. പാലോട് രവി, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ്, ഐക്യരാഷ്ട്രസഭാ റിലീജ്യസ് ഫോറം സെക്രട്ടറി ഗുരു ദിലീപ് മഹാരാജ്, ബിജെപിജില്ലാ പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ്, സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, ഡോ. കെ.എന്‍. ശ്യാംപ്രസാദ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പ്രത്യേക പുഷ്പാഞ്ജലിയോടെയാണ് പൂജിതപീഠം ആഘോഷങ്ങള്‍ തുടങ്ങിയത്. താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം. ഗുരുപൂജ, ഗുരുപാദവന്ദനം, വിവിധ സമര്‍പ്പണങ്ങള്‍ എന്നിവ നടന്നു. യജ്ഞശാലയില്‍ നിന്ന് ആരംഭിച്ച കുംഭഘോഷയാത്ര ആശ്രമ സമുച്ചയം വലംവച്ച് ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: