മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം സ്വന്തം കരണങ്ങളുടെ മേല്‍ നിയന്ത്രണമുണ്ടായിരിക്കുക എന്നതാണ്. വിഷയഭോഗങ്ങളില്‍ മുഴുകി ജീവിക്കുന്ന ആളുകളെപ്പോലും ഉത്ക്കര്‍ഷത്തിന്റെ മാര്‍ഗ ത്തിലേക്കു നയിക്കുന്നതിന് വ്രതാനുഷ്ഠാനങ്ങള്‍ സഹായിക്കുന്നു.
സാമാന്യജനങ്ങള്‍ പലപ്പോഴും വ്രതങ്ങളില്‍ മുഴുകുന്നത് മോക്ഷപ്രാപ്തി ഉദ്ദേശിച്ച് ആയിക്കൊള്ളണമെന്നില്ല. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പലവിധ വിഷമതകളില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായിരിക്കാം അവര്‍ അന്വേഷിക്കുന്നത്. ആ നിലയ്‌ക്ക് വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകുന്നവരാണ് ലോകത്തില്‍ അധികംപേരും. അവര്‍ക്കും ശ്രദ്ധാഭക്തികളോടെ വ്രതമനുഷ്ഠിച്ചാല്‍ ഫലമുണ്ടാകുകതന്നെ ചെയ്യും. ക്രമേണ ആ തലത്തിനുപരി മുമുക്ഷുവായി ഭവിക്കണമെന്നുമാത്രം.
ശിവരാത്രി
മാഘമാസത്തിലെ (കേരളത്തെ സംബന്ധിച്ച് കുംഭമാസം) കൃഷ്ണപക്ഷത്തില്‍ സന്ധ്യക്കുശേഷം ചതുര്‍ദശിവരുന്ന ദിവസമാണ് ശിവരാത്രി വ്രതം എടുക്കുന്നത്. വാസ്തവത്തില്‍ എല്ലാ മാസത്തിലുമുണ്ട് ശിവരാത്രി. എല്ലാ ചന്ദ്രമാസത്തിലും ത്രയോദശി കഴിഞ്ഞു വരുന്ന ദിവസം ശിവരാത്രിയാണ്. ഒരു വര്‍ഷത്തില്‍ പന്ത്രണ്ടോ പതിമൂന്നോ ശിവരാത്രികള്‍ ഉണ്ടാവാം. മാഘമാസത്തിലെ ശിവരാത്രിയാണ് മഹാശിവരാത്രി എന്നു പറയുന്നത്. ജ്യോതിശാസ്ത്രത്തില്‍ ചന്ദ്രനെ മനസ്സായും സൂര്യനെ ആത്മാവായുമാണ് കല്‍പിക്കുന്നത്. ഭൂമിയില്‍ വസിക്കുന്ന നമ്മുടെ മനോഗതികളെ നിയന്ത്രിക്കുന്നതില്‍ ചന്ദ്രന് വളരെയധികം സ്വാധീനമുണ്ടെന്നത് പ്രസിദ്ധമാണല്ലോ. മനഃകാരകനായ ചന്ദ്രന്‍ ജീവകാരകമായ ഭൂമിയില്‍ ഏറ്റവും കുറഞ്ഞ സ്വാധീനം ചെലുത്തുന്ന സന്ദര്‍ഭമാണ് ശിവരാത്രി കാലം. ജീവന് മനസ്സിനെ ജയിച്ച് പരമപദത്തിലേക്ക് ഉയരാന്‍ പ്രപഞ്ചശക്തികള്‍തന്നെ അനുകൂലമായി നില്‍ക്കുന്ന ദിനമാണിത്. ഈ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ശിവരാത്രി നാളില്‍ പരമാവധി ഭഗവത്സ്മരണയോടെ കഴിയാന്‍ നാം ശ്രമിക്കേണ്ടതാണ്.
പൊതുവെ ശിവരാത്രിദിവസങ്ങളിലാണ് ആശ്രമങ്ങളില്‍ സന്ന്യാസദീക്ഷ നല്‍കപ്പെടുന്നത്. ജ്ഞാനവൈരാഗ്യമൂര്‍ത്തിയാണ് ശിവന്‍ എന്നതുകൊണ്ടാവാം ആ ദിവസം അതിനു തെരഞ്ഞെടുത്തിരിക്കുന്നത്. ആദിഗുരുവായ ദക്ഷിണാമൂര്‍ത്തിയും ശിവാവതാരമാണല്ലോ.
ആന്തരികവ്രതം
എല്ലാ വ്രതങ്ങളിലും ചില നിയമങ്ങള്‍ സാമാന്യമായി പാലിക്കപ്പെടേണ്ടതായുണ്ട്. അവ താഴെ പറയുന്നവയാണ്.
ക്ഷമാ സത്യം ദയാ ദാനം
ശൗചമിന്ദ്രിയനിഗ്രഹഃ
ദേവപൂജാഗ്‌നിഹരണം
സന്തോഷോ സ്‌തേ യമേവച
സര്‍വ വ്രതേഷ്വയം ധര്‍മഃ
സാമാന്യോ ദശധാ സ്മൃതഃ.
ക്ഷമ, സത്യം, ദയ, ദാനം, ശുചിത്വം, ഇന്ദ്രിയനിയന്ത്രണം, ഓരോ വ്രതവുമായി ബന്ധപ്പെട്ട ദേവതയെ പൂജിക്കല്‍, അഗ്‌നിഹോത്രം, സന്തോ ഷം, അസ്‌തേയം, എന്നിവയാണ് അവ. ഇവയില്ലാതെ ചെയ്യപ്പെടുന്നവ്രതം പൂര്‍ണമാവുന്നില്ല.
ബാഹ്യവ്രതം
ആന്തരികവ്രതത്തോടൊപ്പം തന്നെ ശിവരാത്രിയില്‍ ബാഹ്യവ്രതവും പ്രധാനമാണ്. ഉപവാസം, മന്ത്രജപം, ജാഗരണം, ശിവപുരാണ പാരായണം തുടങ്ങിയവയാണ് ബാഹ്യവ്രതങ്ങള്‍. ശിവരാത്രിയുടെ തലേ ദിവസം ഗൃഹം ശുദ്ധീകരിക്കണം. വ്രതമെടുക്കുന്നവര്‍ തലേ ദിവസം രാത്രി ലഘുഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.
ഉപവാസവും കൂടി ചേര്‍ന്നാലേ ശിവരാത്രി വ്രതം പൂര്‍ണമാവുകയുള്ളൂ. ‘ഉപ സമീപേ വാസഃ ഇതി ഉപവാസഃ’ എന്ന അര്‍ഥമെടുത്താല്‍ സമീപത്തു വസിക്കുക എന്നതാണ് ഉപവാസം. എന്തിന്റെയെങ്കിലും ബാഹ്യസാന്നിധ്യം ഉള്ളതുകൊണ്ട് നാം സമീപത്തായെന്നര്‍ഥമില്ല. മാത്രവുമല്ല ഭഗവാന്‍ നമ്മില്‍നി ന്ന് അകലത്തിലുമല്ല. ഹൃദയനിവാസിയായ ഭഗവാന്റെ സ്മരണയുണ്ടെങ്കില്‍ നമ്മള്‍ സദാ ഭഗവാനോ ടു ചേര്‍ന്ന വരായി. ഈ ഹൃദയൈക്യമാണ് ശരിയായ ഉപവാസം. എന്നാല്‍ വ്രതത്തിന്റെ ഭാഗമായിച്ചെയ്യുന്ന ആഹാരത്യാഗത്തെയും ഉപവാസമെന്നു പറയും . ഇവിടെയും ശ്രദ്ധിക്കണം. ആഹാരമെന്നാല്‍ വായിലൂടെ കഴിക്കുന്നതു മാത്രമല്ല. സകല ഇന്ദ്രിയങ്ങളിലൂടെയും നാം സ്വീകരിക്കുന്നതെല്ലാം ആഹാരമാണ്. പ്രജ്ഞ ബഹിര്‍മുഖമാകുന്നതിനും ഈശ്വര നില്‍നിന്നകലുന്നതിനും ഇന്ദ്രിയവൃത്തികളുടെ ബാഹ്യസഞ്ചാരം കാരണമായിത്തീരുന്നു. അവയെയെല്ലാം വിഷയവ്യാപാരത്തില്‍ നിന്ന് ഉപമിപ്പിച്ച് ഈശ്വരോന്മുഖമാക്കിത്തീര്‍ക്കുന്നതാണ് ശരിയായ ഉപവാസം. എന്നാല്‍ പൊതുവെ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ഭക്ഷണത്തെ ഒഴിവാക്കുന്നതാണ് ഉപവാസമെന്ന തിന് സാധാരണ മനസ്സിലാക്കപ്പെടുന്ന അര്‍ഥം. ആ അര്‍ഥ ത്തിലാണ് ഇവിടെ ഇനി ഉപവാസമെന്നു പറയുന്നത്. ശിവരാത്രിക്ക് ജലപാനംപോലുമില്ലാതെ പൂര്‍ണോപവാസമെടുക്കുന്നത് അത്യുത്തമമാണ്. എന്നാല്‍ ശരീരസ്ഥിതി അുവദിക്കാത്തവര്‍ക്ക് ജലാഹാരമോ ഫലാഹാരമോ ഒക്കെ യുക്തംപോലെ കഴിക്കാം . അതിനും പറ്റാത്തവര്‍ ഒരിക്കല്‍ ഉണ്ടുകൊണ്ട് വ്രതമനുഷ്ഠിക്കണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക