ന്യൂദല്‍ഹി: അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നതിനിടെ വിരുദ്ധ നിലപാടുമായി ശശി തരൂര്‍. പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലമാക്കാനും വോട്ടര്‍മാരെ പ്രചോദിപ്പിക്കാനും പ്രവര്‍ത്തക സമിതി നേതൃതലത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിത് കേന്ദ്ര നേതൃത്വത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളെയും തരൂര്‍ പിന്തുണച്ചു. മുതിര്‍ന്ന നേതാക്കള്‍ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പൂച്ചക്ക് ആര് മണി കെട്ടുമെന്ന അവസ്ഥയാണ് അവരുടേതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നിരവധി പാര്‍ട്ടി നേതാക്കള്‍ സ്വകാര്യമായി പറയുന്നതാണ് സന്ദീപ് ചൂണ്ടിക്കാട്ടിയതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. നേരത്തെയും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി തരൂര്‍ രംഗത്തുവന്നിരുന്നു.
തരൂരിന്റെ നിര്‍ദേശം തള്ളി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തു. പാര്‍ട്ടിയെ രക്ഷിക്കാന്‍ സാധിക്കുന്ന ഒരേയൊരു നേതാവ് രാഹുല്‍ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അര്‍ത്ഥശൂന്യമായ ചര്‍ച്ചയാണിത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് പുറത്തുനിന്നൊരാള്‍ക്ക് പാര്‍ട്ടിയെ നയിക്കാനാകില്ല. മറ്റുള്ളവര്‍ ഗ്രൂപ്പ് നേതാക്കള്‍ മാത്രമാണ്. അവര്‍ പാര്‍ട്ടിയെ നയിച്ചാല്‍ ഗ്രൂപ്പിസം വര്‍ദ്ധിക്കാന്‍ മാത്രമേ ഉപകരിക്കൂ, അദ്ദേഹം വ്യക്തമാക്കി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയമാണ് കോണ്‍ഗ്രസ്സില്‍ വീണ്ടും നേതൃത്വത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. പാര്‍ട്ടിയുടെ സാമ്പത്തിക നയം നവീകരിക്കണമെന്നും മതേതരത്വവും ദേശീയതയും സംബന്ധിച്ച ചോദ്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവച്ചത്. ദല്‍ഹി തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാഹുല്‍ ഒഴിവായതിന് പിന്നാലെ ഓള്‍ഡ് ഗാര്‍ഡുകള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കി. തഴയപ്പെട്ട യുവനേതാക്കളാണ് രാഹുലിനെ തിരിച്ചെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തുന്നത്. എന്നാല്‍, അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതായാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. അടുത്തിടെ ഫോണ്‍ നമ്പര്‍ മാറ്റിയതും സംശയത്തിനിടയാക്കി. രാഹുല്‍ രാജിവച്ചതിന്റെ കാരണങ്ങള്‍ അവിടെത്തന്നെയുണ്ട്. അതിനാല്‍ വീണ്ടും അധ്യക്ഷ സ്ഥാനത്തെത്തുന്നത് ജനങ്ങളോട് വിശദീകരിക്കാന്‍ സാധിക്കില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: