ന്യൂദല്‍ഹി: പ്രിയങ്ക വാദ്രയെ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തില്‍ പ്രതിസന്ധിയിലായി മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രിയങ്കയ്ക്ക് പിന്തുണയുമായി രംഗത്തുണ്ടെങ്കിലും മധ്യപ്രദേശിനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍. സംസ്ഥാനത്ത് നിലവിലെ അംഗബലമനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാം.
മുതിര്‍ന്ന നേതാവ് ദ്വിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് ഇതിനായി രംഗത്തുള്ളത്. ഇതിനിടെയാണ് മുഖ്യമന്ത്രി കമല്‍നാഥുമായി അടുപ്പമുള്ള മന്ത്രി സജ്ജന്‍ സിങ് വര്‍മ പ്രിയങ്കയ്ക്കായി വാദിച്ച് അപ്രതീക്ഷിതമായി രംഗത്തെത്തിയത്. ഇതിനെ പിന്തുണച്ച് മുന്‍ അധ്യക്ഷന്‍ അരുണ്‍ യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളുമെത്തി.
ദിഗ്വിജയും സിന്ധ്യയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കമല്‍നാഥുമായി ഉടക്കി നില്ക്കുന്ന സിന്ധ്യ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുണ്ട്. താത്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്താത്ത സംഭവത്തില്‍ തെരുവിലിറങ്ങുമെന്ന സിന്ധ്യയുടെ പ്രഖ്യാപനത്തിന് മറുപടിയായി ഇറങ്ങട്ടെയെന്ന് കമല്‍നാഥ് വെല്ലുവിളിച്ചിരുന്നു. സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന സിന്ധ്യയുടെ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് ആഭ്യന്തര കലഹം കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. കമല്‍നാഥാണ് പിസിസി അധ്യക്ഷന്‍.
പ്രിയങ്ക മധ്യപ്രദേശ് തെരഞ്ഞെടുത്താല്‍ രണ്ട് നേതാക്കളും ഒരു സീറ്റിനായി പോരടിക്കേണ്ടി വരും. കേന്ദ്ര നേതൃത്വത്തിനെതിരെ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച സിന്ധ്യ ബിജെപിയിലേക്കാണെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. കോണ്‍ഗ്രസ് തഴഞ്ഞാല്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജ്യസഭയിലെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗ്ഗിയ തുടങ്ങിയവരെയാണ് ബിജെപി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: