Categories: Samskriti

പ്രാണന്‍ ജീവന്റെ ഉപകരണം

വായുക്രിയാധികരണം തുടരുന്നു.

സൂത്രം  ചക്ഷുരാദിവത്തു തല്‍ സഹ ശിഷ്ട്യാദിഭ്യഃ

എന്നാല്‍ കണ്ണ് മുതലായ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും അസ്വതന്ത്രമാണ്. ഒന്നിച്ചെന്ന് പഠിച്ചതുകൊണ്ടും ചേതന മല്ലാത്തതിനാലും അങ്ങനെയാണ്.

കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും ജീവാത്മാവിന്റെ കരണമാണ്. പ്രാണനും ഇന്ദ്രിയങ്ങളും തമ്മിലുണ്ടായ സംവാദത്തില്‍ കൂടി ഇതിനെ അറിയാം. ഇന്ദ്രിയങ്ങളെപ്പോലെ പ്രാണനും ജഡമാണ്.

ഇന്ദ്രിയങ്ങളില്‍ നിന്ന് വേറിട്ടവനാണെങ്കില്‍ പ്രാണനും ജീവനെപ്പോലെ സ്വതന്ത്രമാണ് എന്ന് കരുതുന്നത് ശരിയല്ല എന്ന് ഇവിടെ വ്യക്തമാക്കുന്നു. ഇന്ദ്രിയങ്ങളോടും മനസ്സിനോടും കൂടി (അതു പോലെ ) എന്ന് പഠിച്ചിട്ടുള്ളതിനാല്‍ പ്രാണനും അവയെപ്പോലെ അസ്വതന്ത്രമാണ്.

എന്നാല്‍ ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ ആധിപത്യത്തെ അംഗീകരിക്കുന്നുവെങ്കിലും പ്രാണന്‍ അചേതനമായതിനാല്‍ സ്വതന്ത്രനല്ല.

 ജീവന്‍ രാജാവിനെപ്പോലെയും ഇന്ദ്രിയങ്ങള്‍ പ്രജകളെപ്പോലെയും പ്രാണന്‍ മന്ത്രിയുമാണ്. ജീവന് വേണ്ടതായ പ്രവര്‍ത്തനങ്ങളെ നല്‍കുന്ന ഉന്നത അധികാരിയാണ് പ്രാണന്‍. പക്ഷേ ജീവന്റെ കീഴില്‍ തന്നെയാണ് സ്ഥാനം.മുണ്ഡകോപനിഷത്തിലെ ‘ഏതസ്മാജ്ജായ തേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച ‘ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളും ഒരു പോലെ എന്നാണ് പറയുന്നത്. പ്രാണന്‍ പഞ്ചമഹാഭൂതങ്ങളില്‍ നിന്ന് ഉണ്ടായതിനാല്‍ ജഡമാണ്. അതിനാല്‍ അസ്വതന്ത്രവുമാണ്.

സൂത്രം  അകരണത്വാച്ച ന ദോഷസ്തഥാ ഹി ദര്‍ശയതി

കരണഭാവം ഇല്ലാത്തതിനാല്‍ ദോഷമില്ല. അപ്രകാരം ശ്രുതിയിലും കാണാം.

ഇന്ദ്രിയങ്ങളെന്ന പോലെ വിഷയോപഭോഗത്തില്‍ കരണമല്ല എന്നത് കൊണ്ട് ദോഷമില്ല. ശ്രുതി അങ്ങനെ പറയുന്നുണ്ട്. 

കണ്ണ് മുതലായവയെപ്പോലെ പ്രാണന് വിഷയ ഗ്രഹണമില്ല. കരണ ഭാവം ഇല്ലാത്തതു കൊണ്ട് പ്രാണന് കാര്യമില്ല, ജീവിതത്തില്‍ പ്രാണന് സ്ഥാനമില്ല എന്നൊന്നും പറയേണ്ട.

വിഷയഗ്രഹണമില്ല എന്നത് പ്രാണന്റെ ദോഷമല്ല. കരണങ്ങളെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് പ്രാണനാണെന്ന് ശ്രുതി പറയുന്നു. വിഷയ ഗ്രഹണത്തിനായി ഇന്ദ്രിയങ്ങള്‍ക്ക് ചലിക്കമെങ്കില്‍ പ്രാണന്‍ കൂടിയേ തീരൂ.

മറ്റ് കരണങ്ങള്‍ എല്ലാം വിട്ടു പോയാലും ശരീരത്തിന് കുഴപ്പമൊന്നുമുണ്ടാകില്ല. എന്നാല്‍ പ്രാണന്‍ പോയാല്‍ ദേഹം തന്നെ നശിച്ചുപോകും. ഇത് ഛാന്ദോഗ്യത്തില്‍ കരണങ്ങള്‍ തമ്മില്‍ ആരാണ് ശ്രേഷ്ഠര്‍ എന്ന് വാദിച്ചതായ ചരിതത്തിലുണ്ട്.കരണങ്ങളെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാണന്റെ സാന്നിദ്ധ്യം വേണം. ബൃഹദാരണ്യക ത്തില്‍ ‘ പ്രാണേന രക്ഷ ന്നവരം കുലായം ‘സുഷുപ്തിയില്‍ കരണങ്ങളൊന്നും പ്രവര്‍ത്തിക്കാത്ത സമയത്തും ചലനമില്ലാത്ത ശരീരത്തെ പ്രാണന്‍ രക്ഷിക്കുന്നു.

പ്രാണന്‍ ജീവന്റെ സന്തത സഹചാരിയാണ്. പ്രാണന് വിഷയ ഗ്രഹണമില്ല എന്നത് ദോഷമായി കാണാനാവില്ല.

സൂത്രം  പഞ്ചവൃത്തിര്‍മനോവദ് വ്യപദിശ്യതേ

മനസ്സിനെന്ന പോലെ പ്രാണനും അഞ്ച് വൃത്തികള്‍ ശ്രുതിയില്‍ പറയുന്നുണ്ട്.

മനസ്സിന് ലോകത്തിലെ വിഷയങ്ങളെ അറിയാന്‍ അഞ്ച് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളായ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവയുണ്ട്. അതുപോലെ പ്രാണനും അഞ്ച് വൃത്തികളുണ്ട്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണത്.

മുകളിലേക്കുളള വായു പ്രാണനാണ്. ശരീരത്തിലേക്ക് ശ്വാസവായു ഉള്‍പ്പടെയുള്ളതിനെ സ്വീകരിക്കുന്നത് പ്രാണന്റെ സഹായത്താലാണ്. താഴേയ്‌ക്കള്ള വായുവിന്റെ ശക്തിയാണ് അപാനന്‍. നിശ്വാസം, വിസര്‍ജ്ജനമൊക്കെ അപാനവായു കാരണമാണ്. വ്യാനന്‍ ദേഹം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ദഹിപ്പിച്ച ഭക്ഷണത്തിന്റെ പോഷകത്തെ ശരീരം മുഴുവന്‍ എത്തിക്കുന്നതാണ് സമാനന്‍. മരണസമയത്ത് ജീവനോട് കൂടെ പോകുന്ന വായുവാണ് ഉദാനന്‍. മനോബുദ്ധികളുടെ പ്രവര്‍ത്തനത്തിനും ഉദാനന്‍ വേണം. ഇങ്ങനെ പലതരം വൃത്തികള്‍ നടത്തുന്നതിനാലാണ് അഞ്ചായി തിരിച്ചത്. ഇത്തരത്തില്‍ പലതും ചെയ്യുന്നതിനായി ജീവന്റെ ഉപകരണമായി പ്രാണന്‍ പ്രവര്‍ത്തിക്കുന്നു.

                                                                                                                                                         9495746977

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക