കൊച്ചി: ഇന്നലെ ഔദ്യോഗിക പ്രചാരണം ആരംഭിക്കുംമുമ്പേ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വിവിധ ആരാധനാലയങ്ങളിലെത്തി. എറണാകുളത്തെ പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്തശേഷം രാവിലെ ഏഴിന് മുന്‍പേ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം ആരംഭിക്കുന്നതിന് മുന്നോടിയായ ഒരുക്കങ്ങള്‍ക്കിടെ വിശ്വാസികളെയും ഭാരവാഹികളെയും കണ്ടു. പിന്നെ അന്നദാനത്തിന് സ്ഥാനാര്ത്ഥിവക അരിസമര്‍പ്പണം.
തുടര്‍ന്ന് പള്ളുരുത്തി വെളിയിലേക്ക്. അവിടെ ചെല്ലുമ്പോള്‍ വെളിഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നു. ആവേശം കയറിയ സ്ഥാനാര്‍ഥിയും അവര്‍ക്കൊപ്പം കൂടി കുറച്ചുനേരം പന്തുതട്ടി. കൃത്യം എട്ടരയ്ക്ക് കളിനിര്‍ത്തി, കാര്യത്തിലേക്ക്. വാഹന പ്രചാരണോദ്ഘാടനത്തില്‍ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് യു. മധുസൂദനന്, ജനറല്‍ സെക്രട്ടറി സുധീഷ്, സെക്രട്ടറിമാരായ ഗോഡ്വിന്, ഷാജി, എന്‍. സജികുമാര്‍, ആര്. സജികുമാര്‍, ഏരിയ പ്രസിഡന്റുമാരായ കെ.ഡി. രെജീവന്‍, സുനില്‍കുമാര്‍, ഇടക്കൊച്ചി ഷൈന്‍, അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പള്ളുരുത്തി മേഖലയിലെ ബിന്നിക്കമ്പനി പരിസരം, വ്യാസപുരം, എസ്എന്‍ ജങ്ഷന്, എസ്ടി പുരം, തങ്ങള്‍ നഗര്‍, മാങ്കാമഠം, നാട്ടുകൂട്ടം ജങ്ഷന് ,ദീപം ജങ്ഷന്, ശശി റോഡ് തുടങ്ങി പത്തിടത്ത് കണ്ണന്താനത്തിന് സ്വീകരണം നല്കി.
പള്ളുരുത്തി കച്ചേരിപ്പടി സെന്റ് തോമസ് മൂര്‍ പള്ളിയില്‍ കുര്‍ബാനയുടെ അന്ത്യഘട്ടത്തില്‍ എത്തിയ സ്ഥാനാര്‍ഥിയെ വികാരിയച്ചന് ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. പെരുമ്പടപ്പ് മേഖലയില്‍ കുമ്പളങ്ങിവഴി, കൊവേന്ത, ശാസ്താ ജങ്ഷനുകളിലെ സ്വീകരണങ്ങള്‍ക്കുശേഷം ധീവര വംശോദ്ധാരണി സഭയുടെ ഓഫീസിലേക്ക്. കണ്ണങ്ങാട്ട്, പാമ്പായിമൂല, ധര്മ്മന് കട ജങ്ഷന് എന്നിവിടങ്ങളിലെ സ്വീകരണ, പ്രചാരണ പരിപാടികള്‍ക്കുശേഷം ഇടക്കൊച്ചിയിലെ പര്യടനം ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് കുമ്പളം പഞ്ചായത്തിന്റെ വിവിധകേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ചു.
കുമ്പളം സൗത്ത്, നോര്‍ത്ത് സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ സ്വീകരണവും ഏറ്റുവാങ്ങി.പനങ്ങാട് മേഖലയിലെ പ്രചാരണത്തിനിടെ എന്‍എം ജങ്ഷന്, കാമോത്ത്, പനങ്ങാട് സൗത്ത്, ചേപ്പനം, ഉദയത്തുംവാതില്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തില്‍ പങ്കെടുത്തു. മരട് മുനിസിപ്പാലിറ്റിയിലായിരുന്നു നിയോജകമണ്ഡലത്തിലെ പരസ്യ പ്രചാരണത്തിന്റെ അവസാനഘട്ടം. മാധവന് തണ്ടാശ്ശേരി, നെട്ടൂര്‍ എസ്എന്‍ ജങ്ഷന്, അമ്പലക്കടവ്, അറയ്ക്കല്‍ ക്ഷേത്രം, നോര്‍ത്ത് മേല്‍പ്പാലം, എസ്എന്‍ഡിപി ക്ഷേത്രം, ധന്യ ജങ്ഷന് എന്നിവിടങ്ങളിലെ സ്വീകരണത്തോടെ പര്യടനത്തിന് സമാപനം. നിയോജക മണ്ഡലത്തിലെ 32 കേന്ദ്രങ്ങളിലും വലിയ ആള്‍ക്കൂട്ടമാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.
ഉച്ചഭക്ഷണ സമയത്തിനിടെ അനുഗ്രഹം തേടിയും സൗഹൃദം പങ്കിടാനും തേവരയിലെ ഗുരുദ്വാരയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിനു സിഖ് സമൂഹം ഊഷ്മള സ്വീകരണമാണ് നല്‍കിയത്. തനിക്ക് ചിരകാലമായി അവരുമായുള്ള അടുപ്പവും പ്രളയകാലത്ത് സിഖ് സമൂഹം നടത്തിയ ദുരിതാശ്വാസ സേവനങ്ങളും നേത്രദാനം പോലെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളും കണ്ണന്താനം അനുസ്മരിച്ചു. ഗുരുദ്വാര പ്രസിഡന്റ് സര്‍ദാര്‍ സുരേന്ദ്രപാല്‍ സിങ് ,ജനറല്‍ സെക്രട്ടറി ബല്‍ജിത് സിങ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. കൊച്ചിയില്‍ കാരണവര്‍ സ്ഥാനത്തുള്ള സിഖ് കുടുംബാംഗം അവതാര്‍ സിങ് കണ്ണന്താനത്തിനു മെമെന്റൊ സമ്മാനിച്ചു.
കണ്ണന്താനം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പ്രചാരണം പൊടിപാറിക്കുമ്പോള്‍ ഭാര്യ ഷീല ഭര്‍ത്താവിന് വോട്ട് അഭ്യര്‍ത്ഥിച്ച് പറവൂര്‍ മണ്ഡലത്തില്‍ വീടുകള്‍ കയറിയിറങ്ങി. വ്യക്തി ബന്ധങ്ങളും പരിചയവും തുണയാക്കിയായിരുന്നു ഷീലയുടെ ദൗത്യം. ഇന്ന് തൃക്കാക്കര മണ്ഡലത്തിലാണ് കണ്ണന്താനത്തിന്റെ പരസ്യ പ്രചാരണം കടവന്ത്ര-കൊച്ചുകടവന്ത്ര റോഡില്‍ നിന്ന് രാവിലെ എട്ടിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: