കാസര്‍കോട്: ഡിസിസിയിലെ ഗ്രൂപ്പ് പോര് വണ്ടും ശക്തമാകുന്നു. കെപിസിസി പ്രസിഡണ്ട് എം.എം.ഹസന് പങ്കെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ നിന്നും ഏഴ് ഡിസിസി ഭാരവാഹികള്‍ വിട്ടുനിന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് മുന്നോടിയായി ഇന്നലെ ഉച്ചയോടെ കാസര്‍കോട്ട് നടന്ന നേതൃയോഗത്തിലാണ് ഏഴ് നേതാക്കളുടെ അസാന്നിധ്യമുണ്ടായത്.
25 ഡിസിസി ഭാരവാഹികള്‍ ഏഴുപേര്‍ യോഗത്തില്‍ പങ്കെടുക്കാതെ മാറിനിന്നത് ഗൗരവത്തിലെടുത്ത ഹസന് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്കിയ ശേഷമാണ് തിരിച്ചുപോയത്. അതേ സമയം ഡിസിസി പ്രസിഡണ്ട് ഏകാധിപത്യ സമീപനവുമായി മുന്നോട്ടു പോകുന്നുവെന്നാരോപിച്ച് നേരത്തെ പല ഡിസിസി യോഗങ്ങളും ബഹിഷ്കരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് നിസഹരിക്കുകയും ചെയ്ത ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
41 മണ്ഡലം പ്രസിഡണ്ടുമാരില്‍ ഇരുപതുപേരും 11 ബ്ലോക്കുകളില്‍ നിന്ന് നാലു പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തില്ല. ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളുടെയും സംഘടനാപരമായ മറ്റ് പ്രശ്നങ്ങളുടെയും തുടര്‍ച്ചയാണ് ഈ ബഹിഷ്കരണമെന്ന് വ്യക്തമായിട്ടുണ്ട്. യോഗത്തില്‍ നിന്ന് വിട്ടുനിന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: