കാഞ്ഞങ്ങാട്: തെരുവ് നായ്ക്കളുടെ ഭീഷണി കൂടി വരുമ്പോഴും പ്രജനന നിയന്ത്രണത്തിന് ജില്ലയില്‍ ഒരു കേന്ദ്രം മാത്രം. തെരുവ് നായകളെ പിടികൂടി കേന്ദ്രങ്ങളിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതാണ് പ്രജനന നിയന്ത്രണം. ത്രിതല പഞ്ചായത്തും മുനിസിപ്പാലിറ്റികളുടേയും ധനസഹായത്തോടെ മൃഗ സംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച സന്നദ്ധ സംഘടനകളും ഇതില്‍ പങ്കാളികളാകുന്നുണ്ട്. ജില്ലയില്‍ ആറ് ബ്ലോക്കുകളിലായി ആറ് തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രങ്ങളാണ് വേണ്ടത്. ഇപ്പോള്‍ കാസര്‍കോട് തായലങ്ങാടിയില്‍ ഒരു കേന്ദ്രം മാത്രമാണുള്ളത്. അടുത്ത് തന്നെ തൃക്കരിപ്പൂരിലും പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയില്‍ ആവശ്യത്തിന് പട്ടിപിടുത്തക്കാര് ഇല്ലാത്തതും മറ്റ് ജില്ലകളില്‍ നിന്ന് വിദഗ്ധരെ എത്തിക്കാനുള്ള ബുദ്ധിമുട്ടും കാരണമാണ് അംഗീകൃത സംഘടനകളുടെ സഹായം തേടുന്നത്. കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡ് അംഗീകരിച്ച സംഘടനകളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചാണ് ഒരോ വര്‍ഷവും നല്‍കുന്നത്. ഈ വര്‍ഷം ബംഗല്‍രു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമല്‍ റൈറ്റ് എന്ന സംഘടനയാണ് ടെണ്ടര്‍ ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് 10 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് ഏഴ് ലക്ഷം, മുനിസിപ്പാലിറ്റി നാല് ലക്ഷം, പഞ്ചായത്ത് രണ്ട് ലക്ഷവുമാണ് ഇതിനായ് തുക അനുവദിക്കുന്നത്. കാസര്‍കോടുള്ള കേന്ദ്രത്തിന്റെ 30 കീ.മീ പരിധിയില്‍ മാത്രമാണ് വന്ധ്യംകരണത്തിനായ് തെരുവ് നായകളെ പിടികൂടുന്നത്. പ്രത്യേകം പരിശീലനം ലഭിച്ചവരാണ് പട്ടികളെ പിടികൂടുന്നത്. അവര്‍ തന്നെയാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതും.
ഒരു തെരുവ് നായയുടെ പരമ്പര അഞ്ച് വര്‍ഷത്തിനുള്ളില്‍ ശരാശരി 60000 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുണ്ട്. കഴിഞ്ഞ സെപ്തംബര്‍ 30നകം 2134 തെരുവ് നായകളെ വന്ധ്യകരണം നടത്തിയതായി മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപെട്ട നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ട് വിടുകയാണ് പതിവ്. വന്ധ്യകരണം നടത്തപ്പെട്ട തെരുവ് നായ്ക്കളിലേറെയും രോമം കൊഴിഞ്ഞ് മൃതപ്രായരായി ചത്തൊടുങ്ങുന്നതായി ജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ കൃത്യമായി ശാസ്ത്രീയമായാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും നായകള്‍ക്ക് ഇത് മൂലം അസുഖം വരാന്‍ സാധ്യതയില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2012 ലാണ് അവസാനമായി നായ്ക്കളുടെ സെന്സസെടുത്തത്. അന്ന് 40119 വളര്‍ത്ത് നായകളും 9331 തെരുവ് നായകളുമുണ്ടെന്നായിരുന്നു കണക്ക്. എന്നാല്‍ ആറ് മാസം കൊണ്ട് ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത് തന്നെ കണക്കെടുപ്പ് നടത്താനൊരുങ്ങുകയാണ് മൃഗ സംരക്ഷണ വകുപ്പ്. കെട്ടിടത്തില്‍ പ്രത്യേക ഓപ്പറേഷന് തീയേറ്റര്‍, പ്രീ ഓപ്പറേറ്റീവ് കേയര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, മെഡിക്കല്‍ സ്റ്റോര്‍, മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള മുറി എന്നിവയാണ് പ്രജനന നിയന്ത്രണ കേന്ദ്രത്തില്‍ വേണ്ടത്. അതാത് പ്രദേശത്തെ ത്രിതലപഞ്ചായത്തുകള്‍ ഒരുക്കിയാല്‍ മാത്രമേ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ 30 കീ.മീ. പുറത്തുള്ള തെരുവ് നായ്ക്കള്‍ തെരുവ് പട്ടികളായി തന്നെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: