കാസര്‍കോട്: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ശമ്പളം നല്‍കിയില്ലെന്ന് കാണിച്ച് ഉടമകള്‍ക്കെതിരെ പരാതിയുമായി എത്തിയ നിര്‍ധന കുടുംബത്തിലെ യുവതിക്ക് സഹായ ഹസ്തവുമായി വിദ്യാനഗര്‍ പൊലീസ്. പെര്‍ഡാല കുട്ടിക്കാന ഹൗസില്‍ പരേതനായ ബാബുവിന്റെ മകള്‍ കെ.മോണിഷക്കാണ് ഒരു മാസത്തെ ശമ്പളം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പിരിച്ചെടുത്ത് നല്‍കിയത്.
വിദ്യാനഗര്‍ ടിവിഎസ് ഷോറൂമില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായി ജോലി ചെയ്ത വരികയായിരുന്നു നിര്‍ധന കുടുംബത്തിലെ ദളിത് യുവതി. ഇതിനിടയിലാണ് ജോലി ചെയ്ത ശമ്പളം നല്‍കാതെ സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്. ഇതേ തുടര്‍ന്നാണ് തന്റെ ദുരിതകഥകള്‍ വിവരിച്ച് ദളിത് യുവതി വിദ്യാനഗര്‍ പൊലീസിനും, എസ്എംഎസ് ഡിവൈഎസ്പിക്കും പരാതി നല്‍കിയത്. യുവതിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുമാണ്. അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താനാവാതെ എന്തു ചെയ്യണമെന്നറിയാതെയാണ് തനിക്ക് കിട്ടാനുള്ള ശമ്പളം ലഭിക്കുവാന്‍ യുവതി പൊലീസില്‍ അഭയം പ്രാപിച്ചത്. പരാതി തീര്‍ക്കാന്‍ എസ്എംഎസ് ഡിവൈഎസ്പി വിദ്യാനഗര്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയും എസ്ഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ യുവതിയെയും എതിര്‍കക്ഷികളെയും വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും എതിര്‍കക്ഷികള്‍ എത്തിയില്ല.
തുടര്‍ന്നാണ് യുവതിയുടെ പരാതിക്ക് പരിഹാരം നീളുന്നത് കണ്ട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും പണം പിരിച്ചെടുത്ത് യുവതിയുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക നല്‍കുകയായിരുന്നു. ടിവിഎസ് ഷോറൂം അടച്ചുപൂട്ടി ശമ്പളം നല്‍കാതെ മുങ്ങിയ അരുണ്‍, സത്യന് എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: