കാഞ്ഞങ്ങാട്: ഹര്‍ത്താല്‍ ബഹിഷ്ക്കരിണമെന്ന മുന്‍ തീരുമാനം കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് മാറ്റി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ് തീരുമാനം മാറ്റിയത്. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍ കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ.യൂസഫ് ഹാജി, ജനറല്‍ സെക്രട്ടറി പീറ്റര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുന്‍ തീരുമാനം മാറ്റിയത്. ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന തീരുമാനം പൊതു സമൂഹത്തിനിടയില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കിടയാക്കുകയും തീരുമാനത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത് വരികയും ചെയ്തിരുന്നു.
കാഞ്ഞങ്ങാട്ടെ തീരുമാനം കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷനിലും തരംഗങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് കാഞ്ഞങ്ങാട്ടെ തീരുമാനത്തെ ചൊല്ലി സംഘടനയില്‍ ശക്തമായ ചേരിതിരിവ് ഉണ്ടായത്. അതിനാലാണ് അടിയന്തിര ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ത്തത്. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ കൃത്യമായ ഉറപ്പ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. സംഘടനാ തലത്തില്‍ ഹര്‍ത്താല്‍ ബഹിഷ്ക്കരണമെന്ന തീരുമാനം ഉപേക്ഷിക്കുന്നുവെന്നും ഓരോ അംഗങ്ങള്‍ക്കും അവരവരുടെ നിലപാട് അനുസരിച്ച് കടകള്‍ തുറക്കുകയോ, അടച്ചിടുകയോ ചെയ്യാമെന്നും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: