കാസര്‍കോട്: മാരക കീടനാശിനികളുടെ അമിതമായ ഉപയോഗം നിയന്ത്രിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടുവന്ന നടപടികളുടെ തുടര്‍ച്ചയായി ഗാര്‍ഹിക കീടനിയന്ത്രണത്തിനുളള കീടനാശിനി ഉല്‍പ്പന്നങ്ങളുടെ വിതരണത്തിലും വില്‍പ്പനയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് തീരുമാനിച്ചു.
നിയമപ്രകാരം കീടനാശിനികള്‍ ഉപഭോഗവസ്തുക്കള്‍ക്കൊപ്പം സൂക്ഷിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷിത പാക്കറ്റുകളില്ലഭിക്കുന്ന ഗാര്‍ഹിക കീടനാശിനികള്‍, മറ്റു ഉപഭോഗ വസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുന്നതിലും വില്‍പ്പന നടത്തുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് മാര്‍ജിന്‍ഫ്രീ ഷോപ്പുകളിലും റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളിലും ഇത്തരം കീടനാശിനികളുടെ വില്‍പ്പന യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഗാര്‍ഹിക കീടനാശിനികള്‍ മിക്കതും ഉയര്‍ന്ന വിഷാംശം ഉളളതും ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. കീടനാശിനികളുടെ വില്‍പ്പനയ്ക്കും വിതരണത്തിനും ലൈസന്‍സ് അനുവദിക്കുന്നതിനുളള പൊതുവ്യവസ്ഥകള്‍ ഗാര്‍ഹിക കീടനാശിനികള്‍ക്കും ബാധകമാണ്.
എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും കൃഷി വകുപ്പില്‍ നിന്നും കീടനാശിനി വില്‍പ്പന വിതരണത്തിനുളള ലൈസന്‍സ് നേടിയിരിക്കേണ്ടതും പകര്‍പ്പ് എല്ലാ റീട്ടെയ്ല്‍ ഷോപ്പുകളിലും പ്രദര്‍ശിപ്പിക്കണം. കൃഷി വകുപ്പ് ലൈസന്‍സ് നല്കിയിട്ടുളള വിതരണക്കാര്‍ നല്കുന്ന അംഗീകൃത ഗാര്‍ഹിക കീടനാശിനി ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇനിമേലില്‍ റീട്ടെയില്‍ ഷോപ്പുകളില്‍ സൂക്ഷിക്കുവാനും വില്‍പ്പന നടത്തുവാനും പാടുളളൂ. റീട്ടെയില്‍ ഷോപ്പുകള്‍ തങ്ങളുടെ അംഗീകൃത വിതരണക്കാര്‍ നല്കിയിട്ടുളള കീടനാശിനികളുടെ ലിസ്റ്റ് അടങ്ങിയ ലൈസന്‍സിന്റെ പകര്‍പ്പ് അതാതു കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ കൃഷി ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: