കാസര്‍കോട്: ജില്ലയില്‍ തകര്‍ന്ന ദേശീയപാതയും പൊതുമരാമത്ത് പാതകളും അടിയന്തിരമായി അറ്റകുറ്റപണി നടത്തണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം, ഹൊസങ്കടി, കുമ്പള, പടന്നക്കാട്, കാര്യങ്കോട്, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ദേശീയപാത തകര്‍ന്നിട്ടുണ്ട്. ഹൊസങ്കടി പാലത്തിന് സമീപം അപകടം പതിവാകുന്നുവെന്ന് പരാതിയുണ്ട്. അറ്റകുറ്റപണികള്‍ വേഗത്തിലാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു. കാസര്‍കോട്-പുത്തൂര്‍ പാത തകര്‍ന്ന നിലയിലാണെന്നും ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
ജില്ലയില്‍ 74 പൊതുമരാമത്ത് റോഡുകള്‍ അറ്റകുറ്റപണി നടത്താന്‍ 10 കോടിയുടെ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ടെന്നും ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമത്ത് റോഡ്സ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. കടുമേനി-നല്ലോംപുഴ-പാലവയല്‍ റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. കെ എസ് ആര്‍ടി സിയില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കുറവ് സര്‍വ്വീസ് ഓപ്പറേഷനെ കാര്യമായി ബാധിച്ചിട്ടുളളതായും ഇതിനാല്‍ സിവില്‍ സ്റ്റേഷനിലേക്കുളള മൂന്ന് സര്‍വ്വീസുകളില്‍ ഒരെണ്ണം അയക്കാന്‍ സാധിക്കുന്നില്ലെന്നും എന്നാല്‍ സെപ്തംബര്‍ 25 മുതല്‍ റെയില്വെസ്റ്റേഷന്-സിവില്സ്റ്റേഷന് റൂട്ടില്‍ മൂന്നു സര്‍വ്വീസ്സുകളും അയച്ചിട്ടുണ്ടെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി സര്‍ക്കാരിന്റെ ഉത്തരവു പ്രകാരം ജില്ലയില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍എ, എന്‍എച്ച്, സ്പെഷല്‍ തഹസില്‍ദാര്‍ യൂണിറ്റ്-1 കസര്‍കോട്, സ്പെഷല്‍ തഹസില്‍ദാര്‍ യൂണിറ്റ്-2 കാഞ്ഞങ്ങാട് എന്നീ ഓഫീസുകള്‍ 2011 ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവു വരെ 17.200 കി.മീ. മുതല്‍ 104 കി.മീ. വരെ ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിനാവശ്യമായ 101.3485 ഹെക്ടര്‍ ഭൂമിയില്‍ ഇതിനകം തന്നെ 33 വില്ലേജുകളിലായി 66.8499 ഹെക്ടര്‍ ഭൂമി ഇന്ത്യാഗവണ്മെന്റില് നിക്ഷിപ്തമാക്കിയതായും ഇതിന്റെ വില നിര്‍ണ്ണയം ഉള്‍പ്പെടെയുളള ജോലികള്‍ പുരോഗമിച്ചു വരുന്നതായും ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുളള സര്‍വ്വേ ജോലികള്‍ പുരോഗമിക്കുന്നതായും സ്പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. കാസര്‍കോട് നഗരസഭയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് സ്വീകരിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന് സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. കാസര്‍കോട് -കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബാരിക്കേഡുകളും നീക്കം ചെയ്തതായി കെ എസ് ടി പി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: